ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് മരിച്ചത്. ചെറുമകന്‍ പാലോട് സ്വദേശി സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മദ്യലഹരിയിൽ കൊച്ചുമകൻ മുത്തച്ഛനെ കുത്തികൊന്നു. പാലോട് ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് മരിച്ചത്. ചെറുമകൻ സന്ദീപിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്. സന്ദീപ് മദ്യലഹരിയിലായിരുന്നു. മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു നാളുകളായി ഇടിഞ്ഞാറിലെ ഒരു കടമുറിയിലായിരുന്നു രാജേന്ദ്രൻ കാണി താമസിച്ചിരുന്നത്. വൈകിട്ട് മദ്യപിച്ചെത്തിയ സന്ദീപ് ഈ കടമുറിക്ക് മുന്നിലെത്തി രാജേന്ദ്രന് നേരെ അസഭ്യവർഷം നടത്തി. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സന്ദീപ് രാജേന്ദ്രന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നാട്ടുകാർ ചേർന്ന് സന്ദീപിനെ പിടികൂടി പാലോട് പൊലീസിന് കൈമാറി. സന്ദീപിന്‍റെ അമ്മൂമ്മയുടെ രണ്ടാമത്തെ ഭർത്താവാണ് രാജേന്ദ്രൻ. ഒരു വർഷം മുൻപ് അമ്മൂമ്മ മരിച്ചതോടെ സന്ദീപ് രാജേന്ദ്രനുമായി വഴക്ക് പതിവായിരുന്നു. ഇതോടെ ഇടിഞ്ഞാറിലെ ഒരു കടയിലേക്ക് രാജേന്ദ്രൻ താമസം മാറിയിരുന്നു. ഇവിടെയെത്തിയും സന്ദീപ് രാജേന്ദ്രനുമായി നിരന്തരം വഴക്കിടുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പാലോട് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് സന്ദീപ്.