കഴിഞ്ഞ ചൊവ്വാഴ്ച പനിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വരന്റെ സാന്നിധ്യമില്ലെങ്കിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. 

മാവേലിക്കര: വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ പിന്നാലെ വരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വരന്റെ അകന്ന ബന്ധത്തില്‍പ്പെട്ട സഹോദരി വധുവിന് താലികെട്ടി. കട്ടച്ചിറ വടക്കതില്‍ സുദര്‍ശനന്‍- തങ്കമണി ദമ്പതിമാരുടെ മകള്‍ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. വരന്‍ ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ സുധാകരന്‍-രാധാമണി ദമ്പതിമാരുടെ മകന്‍ സുജിത്ത് മാവേലിക്കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുകയാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച പനിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വരന്റെ സാന്നിധ്യമില്ലെങ്കിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ രാവിലെ 11.20നും 11.40നും മധ്യേ ഭരണിക്കാവ് കട്ടച്ചിറ മുട്ടക്കുളം ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങ് നടന്നു. 

ക്വാറന്റീനില്‍ ആയതിനാല്‍ സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ചടങ്ങിനുശേഷം സുജിത്ത് വീഡിയോ കോളിലൂടെ വധുവുമായി സംസാരിച്ചു.