കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് രാത്രി വീണ്ടും എത്തി ആക്രമണം നടത്തി.
തിരുവനന്തപുരം: പെരുമാതുറ പുതുക്കുറുച്ചിയിൽ കഞ്ചാവ് മാഫിയ വീട് അടിച്ച് തകർത്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പുതുക്കുറിച്ചി പുന്നംമൂട് വീട്ടിൽ നദീറയുടെ വീടാണ് അടിച്ചുതകർത്തത്. വീടിൻറെ മുൻവശത്തെ ജനലും കസേരകളും മേൽക്കൂരയും തകർത്ത അക്രമികൾ വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു.
പുതുക്കുറിച്ചി സ്വദേശികളായ ഷിബിൻ, നെബിൻ ,കൈഫ് എന്നിവർക്കെതിരെ വീട്ടുകാർ കഠിനം പോലീസിൽ പരാതി നൽകി. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് നദീറയുടെ വീട്ടിന്റെ മതിൽ ചാടി കടന്ന് കഞ്ചാവ് ഉപയോഗിക്കുകയും ശേഷം, വീട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന രണ്ട് പട്ടികളെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവർ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ നദീറയുടെ മകളെയും ഇവർ ആക്രമിച്ചുവെന്നാണ് പരാതി.
അക്രമത്തിന് ഇരയായവർ പുത്തൻതോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് വീട്ടുകാർ കഠിനംകുളം പോലീസിൽ പരാതി നൽകി. വീട്ടുകാർ പരാതി നൽകിയത് അറിഞ്ഞെത്തിയ സംഘം രാത്രി എട്ടുമണിയോടെ വീട്ടിലെത്തി ജനൽ ചില്ലുകളും, കസേരകളും മേൽക്കൂരയുടെ ഷീറ്റും അടിച്ചു പൊട്ടിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകൾ പ്രതികളാണ് അക്രമികൾ എന്ന് പൊലീസ് പറഞ്ഞു.
