അഞ്ച് ദിവസം നീണ്ട ഇവരുടെ പരിശ്രമഫലമായി ക്രമീകരണ സൗകര്യമുള്ള 40 കട്ടിലുകളും 20 ഓളം വീല്‍ചെയറുകളും അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിംഗ് ചെയ്ത് ഉപയോഗയോഗ്യമാക്കി
കോഴിക്കോട്: പാലിയേറ്റീവ് രോഗികള്‍ ഉപയോഗിച്ച ശേഷം കാലാധിക്യത്താല്‍ ഒഴിവാക്കാനായി മാറ്റിവെച്ച ഉപകരണങ്ങള്‍ നവീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ഗവ. മാളിക്കടവ് ഐ ടി ഐയിലെ നൈപുണ്യ കര്‍മ്മ സേനയും എന്‍ എസ് എസ് നമ്പര്‍ - 116 ലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ മാതൃകാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് ദിവസം നീണ്ട ഇവരുടെ പരിശ്രമഫലമായി ക്രമീകരണ സൗകര്യമുള്ള 40 കട്ടിലുകളും 20 ഓളം വീല്‍ചെയറുകളും അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റിംഗ് ചെയ്ത് ഉപയോഗയോഗ്യമാക്കി.
കോഴിക്കോട് കോര്‍പറേഷന് കീഴിലുള്ള പാലിയേറ്റീവ് വിംഗിലാണ് ഇവര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാലിയേറ്റീവ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ എസ് സ്റ്റീഫന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് ഇന്ന് ചേര്‍ന്ന ചടങ്ങില്‍ സേവന പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മുഴുവന്‍ പേരെയും ആദരിച്ചു. മാളിക്കടവ് ഐ ടി ഐ പ്രിന്‍സിപ്പാള്‍ ഇ കെ മുഹമ്മദ് അഷ്‌റഫ്, വൈസ് പ്രിന്‍സിപ്പാള്‍ എ ജി സുധീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന സമാനമായ മറ്റൊരു വാർത്ത കൊടിയത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികൾ തീർത്ത മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ മാതൃകയെക്കുറിച്ചുള്ളതായിരുന്നു. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തങ്ങളുടെ സഹപാഠിക്ക് വെറും മൂന്ന് മാസം കൊണ്ട് അടച്ചുറപ്പുള്ള ഒരു പുതിയ വീട് നിര്‍മിച്ചു നല്‍കിയാണ് ഈ കുട്ടികൾ മാതൃകയായത്. 10, 20 രൂപ കൂപ്പണുമായി നാട്ടുകാര്‍ക്ക് മുന്‍പില്‍ തങ്ങളുടെ ആവശ്യം പറഞ്ഞുചെന്ന് പണം സ്വരൂപിച്ചാണ് അവര്‍ ഈ ഉദ്യമത്തിനായുള്ള തുക കണ്ടെത്തിയത്. സഹപാഠിയാണെന്ന് അറിയാമെങ്കിലും ആര്‍ക്ക് വേണ്ടിയാണ് പുതിയ വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാര്‍ത്ഥിയുടെ സ്വകാര്യത മാനിച്ച് അധ്യാപകര്‍ തന്നെയാണ് ആ തീരുമാനമെടുത്തത്.
