Munnar Cannabis Arrest വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് (Cannabis) നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ (Munnar) ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് (Cottage) ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടയ്ക്ക് നല്‍കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ് കോട്ടേജില്‍ സഞ്ചാരികളുടെ തിരക്ക് ദിനതോറും വര്‍ദ്ധിച്ചുവന്നിരുന്നു.
സൗകര്യങ്ങള്‍ കുറവാണെങ്കിലും അന്യസംസ്ഥാനത്തുനിന്നും നിരവധി ആളുകളാണ് കോട്ടേജില്‍ താമസത്തിനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുങ്ങത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൂന്നാര്‍ എസ്‌ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. സന്ദര്‍ശകരുടെ തിരക്കേറാന്‍ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ് മുറികളില്‍ തിക്കേറാനുള്ള ഗുട്ടന്‍സ് മനസിലായത്.
കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടന് ഗഞ്ചാവ് വില്‍പന ഉണ്ടെന്ന് കണ്ടെത്തി. പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡില്‍ മൂന്നുവശവും ഓടുകള്‍കൊണ്ട് മറച്ചാണ് ചെടി വളര്‍ത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.
വ്യാജ അപകട ഇന്‍ഷുറന്‍സ്; കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണം
തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് (Accident insurance) തട്ടിയെടുത്ത കേസിൽ അന്വേഷണം കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇൻഷുറൻസ് കമ്പനികള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സ്റ്റേഷനുകളിൽ അഞ്ച് കേസുകള്‍ വ്യാജമായി രജിസ്റ്റർ ചെയ്തുവെന്ന് കണ്ടെത്തി. ഈ കേസുകള്‍ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ജനറൽ ഡയറിയും എഫ്ഐആറും മറ്റ് രേഖകളും കൈമാറാനായി സിറ്റി പൊലീസ് കമ്മീഷണർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വ്യാജ അപകട കേസുകളുടെ മറവിൽ ഇൻഷുറൻസ് തട്ടിയ 12 കേസുകളാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. വ്യാജ രേഖകള്‍ നൽകി ഇൻഷുറൻസ് തട്ടിയതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പരാതികള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുകയാണ്. അതിനാൽ കൂടുതൽ പൊലിസ് സ്റ്റേഷനുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. നിരത്തുകളിൽ സംഭവിക്കാത്ത വാഹന അപകടങ്ങള്‍ ഉണ്ടായെന്നും അതിൽ പരിക്കേറ്റെന്നും വ്യാജ രേഖകളുണ്ടാക്കി കോടതിയിൽ നൽകിയാണ് ഇൻഷുറൻസ് തുക തട്ടിയിരിക്കുന്നത്. പൊലീസും അഭിഭാഷകരും ഇടനിലക്കാരുമടങ്ങിയ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇന്‍ഷുറന്‍സ് തട്ടിയ കേസില്‍ അഞ്ച് പൊലീസുകാരെയും ഒരു അഭിഭാഷകനെയും ഉള്‍പ്പടെ 26 പേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. വാഹനാപകട ഇൻഷുറൻസിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ (Crime Branch). പൊലീസും അഭിഭാഷകരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടർമാരും ചേർന്ന് നടത്തിയ വൻ കൊള്ളയുടെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്ഐആറില്‍ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്ത് നിന്നും നന്ദൻകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്നാട് സ്വദേശി രാജനെന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്ഐആർ. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്. അതേമാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതിൽ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. തിരുവനന്തപുരം എംഎസിടി കോടതിയിൽ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജൻ കേസ് നൽകി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകൾ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
തിരുവനന്തപുരത്തെ എഫ്ഐആറിൽ പറയുന്ന ദിവസം രാജന് ശരിക്കും അപകടം സംഭവിച്ചിരുന്നു. എന്നാൽ അത് തമിഴ്നാട്ടിൽ വെച്ചായിരുന്നു നടന്നത്. 2018 ആഗസ്റ്റ് 18 ന് രാജന് അപകടം ഉണ്ടാകുന്നത് തമിഴ്നാട് പാലൂരിൽ വെച്ചാണ്. രാജൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു. രാജന്റെ കൈവശമുണ്ടായിരുന്ന മദ്യകുപ്പി പൊട്ടി ശരീരത്തിൽ തറച്ചു ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്ഐആർ. തമിഴ്നാട്ടിലെ ആശുപത്രിയിൽ നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് മറച്ചുവച്ച് ഇടനിലക്കാരും അഭിഭാഷകരും പൊലീസുമെല്ലാം ഒത്തുകളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. അതായത് ആശുപത്രിയിലുണ്ടായിരുന്ന രാജനെ ഇൻഷുറസ് തുക തട്ടിച്ചെടുക്കുന്ന ലോബി സ്വാധീനിക്കുകയായിരുന്നു. രാജന്റെ പേരിൽ മാത്രമല്ല തട്ടിപ്പ്. വിദേശത്ത് വെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
