ആലപ്പുഴ: ആലപ്പുഴനഗരത്തിലെ ചുമരുകള്‍ കണ്ടാല്‍ നാം ഗുജറാത്തിലാണോ എത്തിയതെന്ന് സംശയിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയാളം മാത്രമല്ല, ഗുജറാത്തി ഭാഷയും ആലപ്പുഴയില്‍ നിറയുകയാണ്. ആലപ്പുഴയിലെ ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ടാണ് വോട്ടു തേടി സ്ഥാനാര്‍ത്ഥികളുടെ ഗുജറാത്തി ഭാഷയിലുള്ള ചുമരെഴുത്തുകളും നഗരത്തില്‍ നിറയുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ആദ്യത്തെ കുടിയേറ്റക്കാരിലെ ഒരു സമൂഹമാണ് ആലപ്പുഴയിലെ ഗുജറാത്തികള്‍. വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ഇവര്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരാണ്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീഗോ രാജുവിന് വേണ്ടിയാണ് ഗുജറാത്തി ഭാഷയില്‍ ആദ്യ ചുമരെഴുത്ത് വന്നത്. ഇതേ മാതൃക പിന്തുടരാനാണ് എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെയും തീരുമാനം. വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ ഇപ്പോള്‍ ജൈനരും വൈഷ്ണവരുമായി 25 ഓളം ഗുജറാത്തി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടേതായി 150 ഓളം വോട്ടുകളുമുണ്ട്. കച്ചവടം അരങ്ങുവാണിരുന്ന കാലത്ത് ഇവിടെ ആയിരത്തി അഞ്ഞൂറിലേറെ ഗുജറാത്തി കുടുംബങ്ങള്‍ സ്ഥിരതാമസക്കാരായി ഉണ്ടായിരുന്നു.