ഗുരുവായൂര്‍: ഹിന്ദു വധുവിന്‍റെ ക്രിസ്ത്യന്‍ പേരിന്‍റെ പേരില്‍ മുടങ്ങിയ വിവാഹ രജിസ്ട്രേഷന്‍ നടത്തി ഗുരുവായൂര്‍ നഗരസഭ. ഗുരുവായൂര്‍ വച്ച് നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ ഹിന്ദു ദമ്പതികളാണ് വധുവിന്‍റെ  പേര് ക്രിസ്റ്റീന എന്നായതിന്‍റെ പേരില്‍ പുലിവാല് പിടിച്ചത്. വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാതെ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം രജിസ്ട്രേഷന്‍ ചെയ്ത് നല്‍കില്ലെന്നായിരുന്നു നഗരസഭ അധികൃതര്‍ വ്യക്തമാക്കിയത്. 

ഹിന്ദു ദമ്പതികളുടെ മകളുടെ വിവാഹ രജിസ്ട്രേഷന്‍ മുടങ്ങി; കാരണം 'ക്രിസ്ത്യന്‍ പേര്'

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വീകരിക്കാന്‍ നഗരസഭ രജിസ്ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ സംഭവം വാര്‍ത്തയാവുകയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന്‍റെ പിന്നാലെയാണ് നഗസഭ നടപടി തിരുത്തിയത്. നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ വൈസ് ചെയർമാർ കെ പി വിനോദ് വധുവിന്‍റെ അമ്മയോട് ഖേദപ്രകടനം നടത്തി. ചട്ടം മാറ്റിയെടുക്കാൻ പരമാവധി ശ്രമിക്കാമെന്നും കെ പി വിനോദ് വ്യക്തമാക്കി. 

ഓഗസ്റ്റ് 24 ന് ഗുരുവായൂര്‍ വച്ച് വിവാഹിതായ ശേഷമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്‍റെയും അഭിഭാഷകയായ ആനന്ദ കനകത്തിന്‍റേയും മകളായ ക്രിസ്റ്റീന  എമ്പ്രെസ്സ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭയിലെത്തിയത്. സാംസ്കാരികപ്രവര്‍ത്തകനായ വേണു എടക്കഴിയൂരാണ് വിവാഹ രജിസ്ട്രേഷന്‍ നടന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

വേണു എടക്കഴിയൂരിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഒടുവിൽ ജയചന്ദ്രന്റെ മകൾ ക്രിസ്റ്റീന എമ്പ്രെസ്സ് ഹിന്ദുമതവിശ്വാസിയാണ് എന്ന് ഗുരുവായൂർ നഗരസഭക്ക് ബോധ്യമായി; വിവാഹ റെജിസ്ട്രേഷൻ പത്രിക നൽകി! എന്തൊരു മാറ്റമായിരുന്നു വിവാഹ റെജിസ്ട്രേഷൻ വിഭാഗത്തിൽ ഇന്ന് കണ്ടത്; ചെന്നപാടെ എല്ലാവരും ഉത്സാഹത്തോടെ എല്ലാം ച്യ്തുകൊടുത്തു. റജിസ്ട്രാർ (അയാൾ ഇന്നലെ ഉണ്ടായിരുന്നില്ല) ജയചന്ദ്രന്റെ ഒരു ഫാൻ ആണ് അന്ന് വരെ പറയുകയും ചെയ്തു!

നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ വൈസ് ചെയർമാർ കെ പി വിനോദ് ആനന്ദകനകത്തോട് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ റജിസ്ട്രാർ ഇൻ-ചാർജായി ഉണ്ടായിരുന്ന ആൾ എല്ലാം ചെയ്തുകൊടുത്തെങ്കിലും ആദ്യാവസാനം ആരുടെയും മുഖത്ത് നോക്കാതെ തല താഴ്ത്തിത്തന്നെ ഇരുന്നു!

നമ്മൾ നവോഥാനം പറയുന്നു, ശ്രീനാരായണഗുരുവിന്റെ ഉദ്ധരിച്ചു കൊണ്ടേയിരിക്കുന്നു,എന്നിട്ടും മതേതര സർക്കാരിൽനിന്ന് ജാതി ചോദിക്കുന്നത് ശരിയാണോ എന്ന ആനന്ദകനകത്തിന്റെ ചോദ്യത്തിന് വൈസ് ചെയർമാന് ഉത്തരമുണ്ടായിരുന്നില്ല; ചട്ടം മാറ്റിയെടുക്കാൻ പരമാവുധി ശ്രമിക്കാം എന്നേ പറയാനായുള്ളു! വൈസ് ചെയർമാൻ കെ പി വിനോദ് ഉൾപ്പെടെ എല്ലാവർക്കും നന്ദി