Asianet News MalayalamAsianet News Malayalam

ഹലാൽ ആട് തട്ടിപ്പ് നടത്തി കോടികൾ തട്ടിയ റിഷാദ് സുല്ലമി ബിജെപിയിൽ, അം​ഗത്വം നൽകിയത് എ പി അബ്ദുല്ലക്കുട്ടി 

മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബിജെപി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബിജെപി അംഗത്വമെടുത്തത്.

Halal goat fraud accused Rishad join bjp prm
Author
First Published Nov 10, 2023, 7:37 PM IST

മലപ്പുറം: ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി റിഷാദ് സുല്ലമി (റിഷാദ് മോൻ-36) ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നൽകി സ്വീകരിച്ചത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബിജെപി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബിജെപി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു പുറമെ പ്രമുഖ ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. 

ഹലാൽ ആട് കച്ചവട തട്ടിപ്പിലൂടെ ജില്ലയിലെ നിരവധി പേരെയാണ് ഇയാൾ വഞ്ചിച്ചത്. സംഭവത്തിൽ തട്ടിപ്പിന് ഇരയായവർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ ഉൾപ്പെട്ടവർക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയിൽ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയത്. 

ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഹലാൽ ആടിനെ എത്തിച്ച് മൊത്തമായി വിൽക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 5000 രൂപയാണ് ആളുകളിൽ നിന്നും പദ്ധതിയുടെ പേരിൽ ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തിൽ എത്ര ഷെയർ വേണമെങ്കിലും വാങ്ങാം. ഷെയർ ഒന്നിന് 300 മുതൽ 500 രൂപവരെ നിക്ഷേപകർക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവസരമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. 

പദ്ധതി സത്യമെന്ന് ബോധിപ്പിക്കാൻ അരീക്കോട് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ ഒരു സംരംഭവും ഇവർ തുടങ്ങിയിരുന്നതായി പരാതിക്കാർ പറയുന്നു. കേസിൽ 2022 ഡിസംബറിലാണ് റിഷാദ് അറസ്റ്റിലായത്. നേരത്തെ പ്രഭാഷകനായിരുന്നു റിഷാദെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്. പിന്നീട് ആം ആദ്മിയിലേക്കും അവിടെനിന്ന് സിപിഎമ്മിലേക്കും കൂടുമാറി. സിപിഎം വേദികളിൽ ഇയാൾ പ്രസംഗിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 

Follow Us:
Download App:
  • android
  • ios