ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഹരിപ്പാട്. ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണത്തില്‍ ഒരാൾ അറസ്റ്റിൽ. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്ക് (26) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വച്ച് ഉണ്ടായ സംഘർഷത്തിൽ അനു ഐസക്ക് ആശുപത്രിയിലെ വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മറ്റുള്ളവർക്കെതിരെ പരാതികൾ ഒന്നുമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
കൃഷി നാശം; നെല്‍ക്കര്‍ഷകര്‍ ദുരിതത്തില്‍
അമ്പലപ്പുഴ: പുന്നപ്ര കൃഷിഭവന്റെ പരിധിയിൽ തെക്കേ പൂന്തുരം, പൂന്തുരം, നൂറ്റമ്പത്, പൊന്നാകരി തുടങ്ങിയ ആയിരത്തിലേറെ ഏക്കറുള്ള പാടശേഖരങ്ങളിലാണ് കിളിശല്യം രൂക്ഷം. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കൂട്ടത്തോടെയെത്തുന്ന കിളികൾ കതിരിൽ നിന്നും അരിമണികൾ കൊത്തി തിന്നുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. രണ്ടാം കൃഷി വെള്ളത്തിൽ മുങ്ങിയതിന്റെ നഷ്ടം ബാധ്യതയായതിന് പിന്നാലെയാണ് വിളഞ്ഞ് നില്ക്കുന്ന പുഞ്ചപാടത്ത് കിളിശല്യം രൂക്ഷമായത്.
നേരം പുലരുമ്പോൾ മുതൽ ഉച്ചവരെയും പിന്നീട് വൈകീട്ട് നാല് മുതൽ സന്ധ്യവരെയും തുടർച്ചയായിട്ടാണ് കിളിശല്യം കൂടുതലുള്ളത്. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും തോരണങ്ങൾ വലിച്ച് കെട്ടിയും നെൽ കൃഷി സംരക്ഷിക്കാൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കിളിശല്യത്തിന് കുറവില്ല. പാടശേഖരത്തിന്റെ പുറംബണ്ടിലെ കരകം കാടുകളിലാണ് കുരുവി ഇനത്തിൽപ്പെട്ട പക്ഷികൾ ചേക്കേറുന്നത്. കരകം കാട് വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ട് കൃഷിഭവനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.
കഴിഞ്ഞ രണ്ടാം കൃഷി വെള്ളം കയറി നശിച്ചതിന്റെ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. കടവും കാർഷിക വായ്പയും എടുത്താണ് പലരും കൃഷിയിറക്കിയത്. ഏക്കറിന് 40,000 രൂപയായിരുന്നു ചെലവ്. കൃഷി നഷ്ടത്തിലായതോടെ പലരുടെയും തിരിച്ചടവ് മുടങ്ങി. വായ്പ മുടങ്ങിയതിനാൽ പലിശ ഇളവും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനിടയിലാണ് പ്രതീക്ഷയോടെ പുഞ്ച കൃഷി ആരംഭിച്ചത്. നല്ല വിളവായിരുന്നെങ്കിലും കിളിശല്യം രൂക്ഷമായതോടെ കർഷകര്‍ ആശങ്കയിലാണ്.
