Asianet News MalayalamAsianet News Malayalam

Harvest Festival : ടെക്കികൾ പാടത്തിറങ്ങി ; യുഎൽ സൈബർപാർക്കിൽ കൊയ്ത്തുത്സവം

ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് യുഎൽ സൈബർ പാർക്ക്.

harvest festival in kozhikode UL cyber park
Author
Kozhikode, First Published Dec 2, 2021, 9:23 AM IST

കോഴിക്കോട്: തൊഴിലാളികൾ ഉടമകളായ ലോകത്തെ ആദ്യ ഐറ്റി പാർക്കായ കോഴിക്കോട് യുഎൽ സൈബർ പാർക്ക് (UL CyberPark) പ്രകൃതിയുമായുള്ള ജൈവബന്ധം‌കൊണ്ടും ശ്രദ്ധനേടുന്നു. യു.എൽ സൈബർപാർക്കിന്റെ വളപ്പിൽ ഐറ്റി പ്രൊഫഷണലുകളും പാർക്ക് ജീവനക്കാരും ചേർന്നു നടത്തുന്ന വിപുലമായ കൃഷിയിലെ നെല്ലിന്റെ (Paddy) കൊയ്ത്തുത്സവം (Harvest) നടന്നു. പാർക്കുകെട്ടിടത്തോടു ചേർന്ന 70 സെന്റിലെ നെല്ലാണ് സ്ത്രീകളടക്കമുള്ള ടെക്കികൾ കൊയ്തത്. നെല്ലു കൂടാതെ പച്ചക്കറികളും പഴവർഗങ്ങളും പാർക്കിൽ കൃഷി ചെയ്യുന്നുണ്ട്. ഐറ്റി പ്രൊഫഷണലുകളുടെ തൊഴിൽ-മാനസികസമ്മർദ്ദങ്ങളെപ്പറ്റി വ്യാപകമായ ആകുലതകൾ ഉയരുന്ന ഇക്കാലത്ത് സൈബർപാർക്കിൽ ജോലിചെയ്യുന്നവരുടെ മാനസികോല്ലാസം‌കൂടി ലക്ഷ്യമിട്ടാണ് പാർക്കിന്റെ വിശാലമായ വളപ്പിൽ വിവിധ വിളകൾ കൃഷി ചെയ്തത്.

ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് യുഎൽ സൈബർ പാർക്ക്. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയാണ് കൊയ്ത് ഉദ്ഘാടനം ചെയ്തത്. ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ പ്രോജക്റ്റ് സൈറ്റുകളിൽ സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് സംഘത്തിന്റെ നയമാണെന്ന് രമേശൻ പാലേരി പറഞ്ഞു. ഇന്ത്യ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച ഗ്രീൻ ക്യാമ്പസാണ് സൈബർ പാർക്ക്. ആധുനികതൊഴിൽമേഖലകളിലെ പ്രൊഫഷണലുകളെ ഭൂമിയും കൃഷിയുമായി ബന്ധിപ്പിക്കുന്ന, പ്രകൃതിയുമായി ജൈവബന്ധം പുലർത്തുന്ന, ഇത്തരമൊരു മാതൃകലോകത്തുതന്നെ വേറെ ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎൽസിസിഎസ് ഡയറക്റ്റർമാരായ ശ്രീജ മുരളി, അനൂപ ശശി എന്നിവരും പാർക്കിലെ വിവിധ കമ്പനികളുടെ സി‌ഇ‌ഒമാരും കമ്പനികളിലെയും പാർക്ക് മാനേജ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും ഐറ്റി പ്രൊഫഷണലുകൾക്കൊപ്പം കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു. ഇതു നല്ല മാതൃകയാണെന്നും പാർക്കിലെ ശേഷിച്ച സ്ഥലത്തേക്കുകൂടി കൃഷി വ്യാപിപ്പിക്കണമെന്നും മാദ്ധ്യമങ്ങളോടു സംസാരിച്ച സി‌ഇഒമാർ അഭിപ്രായപ്പെട്ടു. ഈ നെൽക്കൃഷിക്കു വേറെയുമുണ്ട് പ്രത്യേകതകൾ ഏറെ. അത്യുദ്പാദനശേഷിയും ഔഷധഗുണങ്ങളും ഉള്ള രക്തശാലിഎന്ന ഇനം നെല്ലാണ് കൃഷി ചെയ്തത്. വളരെ കുറച്ചു വെള്ളം മതിയാകും എന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെയും ആസൂത്രിതജലവിനിയോഗത്തിന്റെയും ഇക്കാലത്ത് ഈ വിത്തിനത്തിനു പ്രാധാന്യം ഏറ്റുന്നു. അതുകൂടി പരിഗണിച്ചിട്ടാണ് ഇതു തെരഞ്ഞെടുത്തതെന്ന് യുഎൽ സൈബർ പ്പാർക്ക് ജനറൽ മാനേജർ റ്റി.കെ. കിഷോർ കുമാർ പറഞ്ഞു.

മഴവെള്ളം സംഭരിച്ചാണു കൃഷി. ഇതിനായി യുഎൽ സൈബർപാർക്കിൽ ഏഴരലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. പാർക്കിലെ തോട്ടം പരിപാലിക്കുന്ന ജീവനക്കാരാണ് കൃഷിയുടെ നേതൃത്വം.  ഇത് മൂന്നാം തവണയാണ് പാർക്കിൽ നെല്ലു വിളവെടുക്കുന്നത്. ജോലിക്കിടെ മനസു കുളിർപ്പിക്കാൻ ജാലകത്തിനപ്പുറം പച്ചപ്പും കൃഷിയും എന്നതിനപ്പുറം, പണിചെയ്തു മടുക്കുമ്പോൾ സ്വന്തം കൃഷിക്കിടയിലൂടെ ഒന്നു ചുറ്റിയടിച്ചുവരാനുള്ള അവസരവും ഇത് ഒരുക്കുന്നു. ഫലവൃക്ഷങ്ങൾ നിറഞ്ഞ വളപ്പ് ടെക്കികൾക്കിരുന്നു ജോലി ചെയ്യാൻ പാകത്തിൽ ഇരിപ്പിടങ്ങളും വൈഫൈ സൗകര്യവും മറ്റും ഒരുക്കി വികസിപ്പിക്കാനും അധികൃതർക്കു പരിപാടിയുണ്ട്.

Follow Us:
Download App:
  • android
  • ios