Asianet News MalayalamAsianet News Malayalam

പവര്‍ഹൌസിനായി കുടിയൊഴിക്കപ്പെട്ടു; ഒടുവിലയാള്‍ സ്വന്തമായൊരു വൈദ്യുതി നിലയമുണ്ടാക്കി

അന്ന് ഇവിടം സര്‍വ്വത്ര ഇരുട്ടായിരുന്നു. പവര്‍ഹൌസിന് വേണ്ടി കുടിയിറക്കപ്പെട്ടിട്ട് ഇരുട്ടില്‍ കഴിയേണ്ടിവരിക അയാള്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. പുതിയ സ്ഥലം വനാതിര്‍ത്തിയായതിനാല്‍ ഗ്രാമത്തില്‍ വൈദ്യുതിയെത്തിയത് തന്നെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 

he made a powerhouse after displaced for a powerhouse
Author
Vellarikkundu, First Published Sep 27, 2018, 12:11 AM IST

വെള്ളരിക്കുണ്ട് (കാസർകോട്):  കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ എടക്കാനം, കർണ്ണാടക വനാതിർത്തിയോട് ചേര്‍ന്ന പ്രദേശമാണ്. കാട്ടാനകളും പുലിയും സ്ഥിരമായി വിഹരിക്കുന്നിടം. വനാതിര്‍ത്തി പ്രദേശമായതിനാല്‍ ഇടയ്ക്കിടയ്ക്കിറങ്ങുന്ന കാട്ടാനകളെ പോലെയാണ് വൈദ്യുതിയും. ദിവസം പലതവണ പോകും. പിന്നെ ഏറെ കഴിഞ്ഞേ തിരിച്ചെത്തൂ. 

മൂവാറ്റുപുഴയിൽ നിന്നും  കക്കയത്തേക്ക് കുടുംബം കുടിയേറുമ്പോള്‍ കുഞ്ഞുവര്‍ക്കി നന്നേ ചെറുതായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് കക്കയത്ത് പവർഹൗസ് പ്രഖ്യാപിച്ചതോടെ അവിടെ നിന്നും കുടിയിറക്കപ്പെട്ടു. തുടർന്നാണ് സഹോദരങ്ങളോടൊപ്പം കാസര്‍കോട്, ബളാൽ പഞ്ചായത്തിലെ എടക്കാനത്തെത്തുന്നത്. അന്ന് ഇവിടം സര്‍വ്വത്ര ഇരുട്ടായിരുന്നു.

എടക്കാനം തെയ്യത്തിൻപാറ നെല്ലിയാട്ട് കുഞ്ഞുവർക്കിയുടെ മനസ് വെളിച്ചത്തിനായി ദാഹിച്ചു. പ്രീഡിഗ്രി സെക്കന്‍റ് ഗ്രൂപ്പും അഗ്രികൾച്ചർ ഡിപ്ലോമയും ഒന്നാം ക്ലാസോടെ പാസായ അറിവ് വച്ച് കുഞ്ഞുവർക്കി വെളിച്ചത്തെ തേടി.. പവര്‍ഹൌസിന് വേണ്ടി കുടിയിറക്കപ്പെട്ടിട്ട് ഇരുട്ടില്‍ കഴിയേണ്ടിവരിക അയാള്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. പുതിയ സ്ഥലം വനാതിര്‍ത്തിയായതിനാല്‍ ഗ്രാമത്തില്‍ വൈദ്യുതിയെത്തിയത് തന്നെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്കും അവനവനുള്ള വെളിച്ചത്തെ അയാള്‍ കണ്ടെത്തിയിരുന്നു.

he made a powerhouse after displaced for a powerhouse

വനമദ്ധ്യത്തിലെ തന്‍റെ എട്ടേക്കർ വരുന്ന കൃഷിയിടത്തിന് നടുവിലൂടെ ഒഴുക്കുന്ന കാട്ടരുവി മാത്രമായിരുന്നു അയാളുടെ ഏക ആശ്രയം. 1991-ൽ  ആദ്യമായി അതിനുള്ള പരിശ്രമം ആരംഭിച്ചു. ആദ്യം സൈക്കിൾ ഡൈനാമോ ഉപയോഗിച്ചു. ആവശ്യങ്ങള്‍ കൂടിയപ്പോള്‍ ലോറിയുടെ ഡൈനാമോ വച്ചായി വൈദ്യുതി ഉത്പാദനം. 

മലമുകളിൽ നിന്നും 210 മീറ്റർ നീളത്തിൽ രണ്ടര ഇഞ്ച് പൈപ്പിലൂടെ വെള്ളം കൊണ്ടുവന്ന് ചെറിയ ദ്വാരത്തിലൂടെ ജനറേറ്ററിന്‍റെ ചക്രത്തിൽ വീഴ്ത്തിയാണ് വൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നത്. ഒരു മിനിറ്റിൽ 3650 തവണ ചക്രം കറങ്ങുമ്പോൾ ഡൈനാമോ പ്രവർത്തിച്ച് 210 വോൾട്ട് വൈദ്യുതി  ഉത്പാദിപ്പിക്കാൻ കുഞ്ഞുവർക്കിക്ക് കഴിഞ്ഞു.

കഴിഞ്ഞ 23 വർഷമായി കുഞ്ഞുവർക്കിയുടെ വീട്ടിൽ വോൾട്ടേജ് ക്ഷാമമോ വൈദ്യുതി ബില്ലോ ഇല്ല. ഇപ്പോൾ സമീപ പ്രദേശങ്ങളിൽ കെഎസ്ഇബിയുടെ വൈദ്യുതിയെത്തിത്തുടങ്ങി. എന്നാലും കുഞ്ഞുവർക്കിക്ക് വിശ്വാസം തന്‍റെ സ്വന്തം പവർഹൗസിനെയാണ്. 78 -ാം വയസിലും അത്യധ്വാനിയായ ഈ അവിവാഹിതന്‍ തന്‍റെ കൃഷിയിടത്തിന് നടുവിലെ ഇരുനില വീട്ടിൽ ഒറ്റയ്ക്കാണ് താമസം. 

Follow Us:
Download App:
  • android
  • ios