Asianet News MalayalamAsianet News Malayalam

ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ചു; സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു

head hits on electric post while bus journey; A tragic end for the school student
Author
First Published Oct 18, 2023, 7:31 PM IST

കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍കുമാറിന്‍റെ മകനും ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയുമായ എസ്. മൻവിത്ത്(15) ആണ് മരിച്ചത്. 


ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധുരിലേക്കുള്ള സുപ്രീം ബസില്‍ പോവുകയായിരുന്നു മന്‍വിത്ത്. വൈകുന്നേരമായതിനാല്‍ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടെ, കറന്തക്കാട് വെച്ച് വിദ്യാര്‍ഥിയുടെ തല റോഡരികിലെ വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്തം വാർന്ന്  ഗുരുതരമായി പരിക്കേറ്റ മൻവിത്തിനെ ഉടൻ ആശുപത്രി കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മുമ്പും സമാനമായ രീതിയില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള വൈദ്യുതി തൂണുകള്‍ പലപ്പോഴും അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്.

Readmore... നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളം തെറ്റി
Readmore... കൊല്ലം ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios