Asianet News MalayalamAsianet News Malayalam

'ഒരു ആരോഗ്യ കേന്ദ്രത്തിന് രണ്ട് ഉദ്ഘാടനം', സംഭവിച്ചതെന്ത്?, വിശദമാക്കി മുനീര്‍

താന്‍ എം.എല്‍.എ ആയ ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഫാമിലി ഹെല്‍ത്ത് സെന്ററാക്കാനുള്ള നിരന്തര ശ്രമം തുടര്‍ന്നതെന്ന് മുനീര്‍.

health centre inauguration controversy mk muneer reaction joy
Author
First Published Dec 17, 2023, 8:17 PM IST

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടി ഒഴിഞ്ഞ തോട്ടത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് എം.കെ.മുനീര്‍. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തപ്പോള്‍ നടപടിക്രമങ്ങള്‍ ഏതെങ്കിലും ഒന്ന് നടന്നിരുന്നോ എന്ന് വ്യാജ പ്രചാരണം നടത്തുന്നവര്‍ തുറന്ന് പറയണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ എംഎല്‍എയുടെ കാലത്താണ് വെട്ടി ഒഴിഞ്ഞ തോട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ഫാമിലി ഹെല്‍ത്ത് സെന്ററായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങി എന്നല്ലാതെ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ല. ഒരു നടപടിയുമുണ്ടാകാതെ പ്രവര്‍ത്തി ഉദ്ഘാടനം എന്ന മാമാങ്കം നടത്തി. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കൊണ്ട് ഓണ്‍ലൈനായി പ്രവര്‍ത്തി ഉദ്ഘാടനം നടത്തുകയായിരുന്നു അന്നത്തെ കൊടുവള്ളി എം.എല്‍.എയും ഇടതുപക്ഷവും. ഏതൊരു സര്‍ക്കാര്‍ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യണമെങ്കില്‍ പ്രവര്‍ത്തി എ.എസ് ആവുക, ടി.എസ് ആവുക അതിന് ശേഷം ടെന്റര്‍ വിളിക്കുക, അതിന് ശേഷം വര്‍ക്ക് ഒരു കോണ്‍ട്രാക്ടര്‍ ഏറ്റെടുക്കുക. എഗ്രിമെന്റ് വെക്കുക തുടങ്ങിയ പ്രധാന കാര്യങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. കട്ടിപ്പാറയില്‍ ഈ നടപടിക്രമങ്ങള്‍ ഏതെങ്കിലും ഒന്ന് നടന്നിരുന്നോ എന്ന് വ്യാജ പ്രചാരണം നടത്തുന്നവര്‍ തുറന്ന് പറയണം.- മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

താന്‍ എം.എല്‍.എ ആയ ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഫാമിലി ഹെല്‍ത്ത് സെന്ററാക്കാനുള്ള നിരന്തര ശ്രമം തുടര്‍ന്നതെന്ന് മുനീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രവര്‍ത്തി തുടങ്ങാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രവര്‍ത്തി ഉദ്ഘാടനം നടത്തിയത്. ബിരിയാണി ചലഞ്ച് അടക്കം ഗ്രാമ പഞ്ചായത്തും നാട്ടുകാരും വലിയ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ സംരംഭത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചത് ശരിയായില്ലെന്നും മുനീര്‍ പറഞ്ഞു.

2021ല്‍ ശൈലജ ഉദ്ഘാടനം ചെയ്ത സ്ഥാപനം ഇന്നലെ വീണ്ടും ഉദ്ഘാടനം ചെയ്ത് മുനീര്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios