Asianet News MalayalamAsianet News Malayalam

ഇടിമിന്നലോടെ മഴ, മലയോര മേഖലകളിൽ ജാഗ്രത വേണം, ഉയർന്ന തിരമാലകൾക്ക് സാധ്യത; ഇന്നും മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ  29ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Heavy rain in Kerala latest Weather Update and imd alert details vkv
Author
First Published Oct 26, 2023, 9:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ  29ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഓക്ടോബർ 29ന് ഇടുക്കി, പാലക്കാട് എന്നീ  ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. 

Read More :  കാസർകോട് എംഎൽഎയെ പറ്റിച്ച് തട്ടിപ്പ് സംഘം; ഒരു കൊറിയറുണ്ടെന്ന് ഫോൺ, എത്തിയത് ഓർഡർ ചെയ്യാത്ത പായ്ക്കറ്റ് !
 

Follow Us:
Download App:
  • android
  • ios