റോഡുകള്‍ക്കൊപ്പം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. മഴ തുടര്‍ന്നാല്‍ സംസ്ഥാനപാതയും എ.സി റോഡുമായി ബന്ധിപ്പിക്കുന്ന മൂന്നോളം ബൈറൂട്ടുകളിലെ വാഹന ഗതാഗതം സ്തംഭിക്കും. 

ആലപ്പുഴ: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തിപ്രാപിച്ചതോടെ അപ്പര്‍കുട്ടനാട് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വാ, തകഴി, ചെറുതന എന്നീ പഞ്ചായത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്. രണ്ടു ദിവസമായിനിര്‍ത്താതെ പെയ്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവും ഏറിയതോടെ പമ്പയിലും, മണിമല ആറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. 

തലവടി ചക്കുളം കുതിരച്ചാല്‍ കോളനി വെള്ളത്തില്‍ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറി. കോളനിയിലെ ഇ.കെ തങ്കപ്പന്റെ വീട്ടിലാണ് ആദ്യം വെള്ളം തയറിയത്. തുടര്‍ന്ന് മറ്റ് കോളനി നിവാസികളുടെ വീടുകളിലും വൈകിട്ടോടെ വെള്ളം കയറി. കോളനിയില്‍ നിന്ന് പുറത്തുകടക്കുന്ന റോഡ് അരയറ്റം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. കോളനി നിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

റോഡുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. തിരുവല്ല-എടത്വാ സംസ്ഥാനപാതയും എ.സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടാര്‍-കിടങ്ങറ റോഡില്‍ കുമരങ്കരി പള്ളിക്ക് സമീപവും, എടത്വാ-തായങ്കരി-വേഴപ്ര റോഡില്‍ പടനിലത്തിന് സമീപവും, വീയപുരം-ചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാഞ്ചിരംതുരുത്ത് റോഡും, തലവടി ഷാപ്പുപടി-പൂന്തുരുത്തി റോഡുകളും ഗ്രാമപ്രദേശത്തെ ഇടറോഡുകളുമാണ് വെള്ളത്തില്‍ മുങ്ങിയത്. 

റോഡുകള്‍ക്കൊപ്പം താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. മഴ തുടര്‍ന്നാല്‍ സംസ്ഥാനപാതയും എ.സി റോഡുമായി ബന്ധിപ്പിക്കുന്ന മൂന്നോളം ബൈറൂട്ടുകളിലെ വാഹന ഗതാഗതം സ്തംഭിക്കും. കുട്ടനാട്ടിലെ റോഡുകളുടെ ഉയരക്കുറവാണ് വെള്ളം പെട്ടന്നുകയറാന്‍ കാരണമാകുന്നത്. ബസ് സര്‍വീസ് ഇല്ലാത്ത കാഞ്ചിരംതുരുത്ത് റോഡിലും വെള്ളം കയറി. ഷാപ്പുപടി-കളത്തിക്കടവ് റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. 

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങള്‍ മടിക്കുന്നുണ്ട്. റവന്യു, പഞ്ചായത്ത് പോലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വെള്ളം പൊങ്ങിയ സ്ഥലങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, പതുസെന്ററുകള്‍ എന്നിവ സജ്ജീകരിച്ച് ജനങ്ങളെ മാറ്റാനാണ തീരുമാനം. രണ്ട് ദിവസം കൂടി തുടരുന്ന മഴ വീണ്ടുമൊരു പ്രളയസാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു.