ശക്തമായ കടൽഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമാണ് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം. 

കൊച്ചി: കടലാക്രമണത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായ എറണാകുളം കണ്ണമാലിയിൽ കടുത്ത പ്രതിഷേധവുമായി ജനങ്ങൾ. കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ശക്തമായ കടൽഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപമാണ് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം. 

മരിക്കേണ്ടി വന്നാലും തീരം വിട്ടുപോകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിറ്റും പൈസയും വേണ്ടെന്നും സുരക്ഷിതമായ ജീവിതമാണ് വേണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഞങ്ങളെല്ലാം ഒരുമിച്ചാണ് ചാക്കിൽ മണ്ണ് നിറച്ച് വാടം കെട്ടി അതിന് മുകളിൽ ജെസിബി കൊണ്ട് മണ്ണുകോരിയിട്ടിട്ടാണ് രണ്ട് മൂന്ന് കൊല്ലമായി കടലിനെ തടുത്തുനിർത്തിയത്. ഞങ്ങളുടെ അച്ഛനമ്മമാരും ഞങ്ങളും ഇങ്ങനെയാണ് ജീവിച്ച് കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവർക്കും പ്രായവുമായി, അസുഖങ്ങളുമായി. ശരീരവേദന കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇനി സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ചെല്ലാനത്തുകാർ ചെയ്തതു പോലെ ഞങ്ങളും സമരം ചെയ്യുമെന്നും പ്രദേശവാസികള്‍ പറയുന്നു.

മഴ ശക്തമാകുന്നതിനാൽ രണ്ട് ദിവസമായി സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണ്. കണ്ണമാലി, നായരമ്പലം എന്നീ തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുകയാണ്. പല വീടുകളിലും വെള്ളം കയറി. പ്രദേശത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Also Read: ദുരിതപ്പെയ്ത്ത് തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം