ഭരണിക്കാവ് - പന്തളം റൂട്ടിലോടുന്ന കളീയ്ക്കൽ ബസിന്റെ എൻജിൻ ഭാഗത്തു നിന്നുമാണ് പുക ഉയർന്നത്
ചാരുംമൂട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ ആലപ്പുഴ ചാരുംമൂട് ടൗണിൽ വച്ചായിരുന്നു സംഭവം. ഭരണിക്കാവ് - പന്തളം റൂട്ടിലോടുന്ന കളീയ്ക്കൽ ബസിന്റെ എൻജിൻ ഭാഗത്തു നിന്നുമാണ് പുക ഉയർന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിറയെ യാത്രക്കാരുമായി വന്ന ബസ് ടൗണിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് എൻജിൻ ഭാഗത്തു നിന്നും പുക ഉയർന്നത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. നിലവിളിയും ഉയർന്നതോടെ ഡ്രൈവർ പെട്ടെന്നുതന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കി. ബസ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയതോടെ പരിഭ്രാന്തിയൊഴിഞ്ഞു. യാത്രക്കാർ പിന്നീട് മറ്റ് ബസുകളിലാണ് യാത്ര തുടർന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം മലപ്പുറത്ത് നിന്നുള്ള മറ്റൊരു വാർത്ത ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്കേറ്റു എന്നതാണ്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്‌റഫിന്റെ മകൾ ഫാത്തിമ ജുമാന (13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം വെന്നിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസിൽ നിന്നാണ് വിദ്യാർഥിനികൾ തെറിച്ച് വീണത്. മുൻ വശത്തെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
