ഇടുക്കി: മൂന്നാറില്‍ ആകാശകാഴ്ചയൊരുക്കി ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു. മൂന്നാര്‍ ഡിറ്റിപിസിയും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേന്‍ ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച യാത്രത്തില്‍ ആദ്യമെത്തിയത് തലശ്ശേരിയില്‍ നിന്നുള്ള കുടുംബം. 

രാവിലെ 9.45 തോടെ കൊച്ചിയില്‍ നിന്നും തലശ്ശേരി സ്വദേശികളെ വഹിച്ച് ബോബി ചെമ്മണ്ണൂരിന്റെ ഹെലികോപ്ടര്‍ 10.30 ഓടെയാണ് ലോക്കാട് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. ദുബായില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബത്തിന് കമ്പനിയുടെ ട്രാവല്‍ ഗ്രൂപ്പാണ് ഇത്തരത്തില്‍ ആദ്യ ഫ്‌ളയിംങ്ങിന് സൗകര്യമൊരുക്കിയത്. 

അതിഥികളായ ഫസല്‍ , ഭാര്യ- ഷിജിന മക്കളായ- ഐഹാം യസോം യാനോം എന്നിവരെ തൊഴിലാളികളുടെ കുട്ടികള്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. മൂന്നാറിന്റെ ദൃശ്യ ഭംഗി ആസ്വാദിച്ച് തേക്കടിയിലേക്കായിരുന്നു ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാര്‍ എന്നിവരുടെ യാത്ര. 

36 മിനിറ്റുകൊണ്ട് തേക്കടി ആസ്വാദിച്ച് സംഘം മൂന്നാറിലെത്തി. വിനോദസഞ്ചാര മേഘലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്നതാണ് ഹെലികോപ്ടര്‍ സര്‍വ്വീസെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ ആവശ്യത്തിനും മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ക്കും ഇത്തരം ആകാശയാത്ര ഉപകരിക്കും. മൂന്നാറിന്റെ മലനിരകളിലൂടെയുള്ള യാത്ര ടൂറിസം മേഘലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സബ്കളക്ടർ പറഞ്ഞു. മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ഒരാള്‍ക്ക് 95,00 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും. 

ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി ലോക്കല്‍ സര്‍വ്വീസ് നടത്തും.10 മിനിറ്റ് പറക്കുന്നതിന് 35,00 രൂപയാണ് ഈടാക്കുന്നത്. രണ്ടുദിവസം സ്‌പില്‍ ഡിസ്‌കൗണ്ടും നല്‍കിയിട്ടുണ്ട്. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് നെടുമ്പാശേരിയില്‍ നിന്നും കൂടതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. 

അടുത്തമാസം 7നാകും ആകാശകാഴ്ചയുടെ ഔദ്ധ്യോഗിക ഉദ്ഘാടനം നടക്കുക. ഇപ്പോള്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് പറക്കല്‍ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദേവികുളം എസ്ഐ ദിലീപ് കുമാര്‍, രാഷ്ട്രീയ നേതാക്കള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.