കടവനാട് പൂക്കൈത കടവിലുള്ളവര്‍ക്ക് രണ്ടര കിലോമീറ്ററിലധികം നടന്ന് വേണം ഓട്ടോ സ്റ്റാന്‍ഡിലെത്താന്‍. ഇതിന് പരിഹാരമായാണ് ഫോണ്‍ കോളില്‍ ഓട്ടോ യാത്രക്കാരിലേക്ക് എത്തുന്ന സൗകര്യം സജ്ജമാക്കിയത്.
മലപ്പുറം: പൊന്നാനി കൊല്ലന്‍പടിയിലുള്ളവർ ഇനി ഓട്ടോ കാത്ത് നിന്ന് വിഷമിക്കണ്ട. ഹലോന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ ചെയ്താല്‍ മതി. നിമിഷങ്ങള്‍ക്കകം ഓട്ടോറിക്ഷ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും. പൊന്നാനി കൊല്ലന്‍പടിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് ഇത്തരത്തിലുള്ള സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതിനായി ലാന്‍ഡ് ഫോണും സജ്ജീകരിച്ചിട്ടുണ്ട്.
കടവനാട് പൂക്കൈത കടവിലുള്ളവര്‍ക്ക് രണ്ടര കിലോമീറ്ററിലധികം നടന്ന് വേണം ഓട്ടോ സ്റ്റാന്‍ഡിലെത്താന്‍. ഇതിന് പരിഹാരമായാണ് ഒരു ഫോണ്‍ കോളില്‍ ഓട്ടോ യാത്രക്കാരിലേക്ക് അരികിലെത്തുന്ന സൗകര്യം സജ്ജമാക്കിയത്. ഹലോ എന്ന പേരിലാണ് സംവിധാനം തയ്യാറായിട്ടുള്ളത്.
കൊല്ലംപടി പരിധിയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സൗകര്യം ഒരുക്കിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും കിലോമീറ്ററോളം നടന്ന് ഓട്ടോ വിളിക്കേണ്ട സ്ഥിതി മനസിലാക്കി കൊല്ലന്‍ പടിയിലെ വ്യാപാരിയായ വിജീഷ് സൂര്യയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹകരണത്തോടെ സംവിധാനം തയ്യാറാക്കിയത്.
വിജീഷ് തന്നെ ലാന്‍ഡ് ഫോണ്‍ കണക്ഷനും ഒരു വര്‍ഷത്തേക്കുള്ള റീചാര്‍ജും ഫോണ്‍ ബോക്‌സും ഉള്‍പ്പെടെ റിക്ഷ സ്റ്റാന്‍ഡില്‍ സജ്ജീകരിച്ചു. 30 ഓളം ഓട്ടോറിക്ഷകളാണ് കൊല്ലന്‍പടിയില്‍ സര്‍വീസ് നടത്തുന്നത്. കടവനാട്, വളവ്. ഉറൂബ് നഗര്‍, പൂക്കൈത കടവ് തുടങ്ങി സമീപത്തെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സേവനം ലഭ്യമാകും. 0494 2683978 എന്ന നമ്പറിലാണ് സേവനം ലഭിക്കുക. പുതിയ സംവിധാനത്തിന് പ്രദേശവാസികളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
