മലപ്പുറം അമരമ്പലത്തെ ക്ഷേത്രങ്ങളിൽ പൂജദ്രവ്യങ്ങൾ ഭക്ഷിക്കാനെത്തുന്ന കരടിയെ പിടികൂടാൻ വനം വകുപ്പ് കെണികൾ സ്ഥാപിച്ചു. ടി.കെ കോളനി, പുഞ്ച എന്നിവിടങ്ങളിലാണ് നെയ്യടക്കമുള്ള ഭക്ഷണം വെച്ച് കെണിയൊരുക്കിയത്.  

മലപ്പുറം: അമരമ്പലത്തെ ക്ഷേത്രങ്ങളില്‍ നിത്യസന്ദര്‍ശകനായ കരടിയെ പിടിക്കാന്‍ വനം വകുപ്പ് കെണികളൊരുക്കി. ടി. കെ കോളനിയിലും പുഞ്ചയിലുമാണ് കെണികള്‍ സ്ഥാപിച്ചത്. ക്ഷേത്രമുറ്റത്ത് നെയ്യടക്കം ഭക്ഷണം വച്ചാണ് കെണി സ്ഥാപിച്ചിട്ടുള്ളത്. ഇതിനിടെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ടി.കെ.കോളനി ധര്‍മ്മ ശാസ്ത അയ്യപ്പ ക്ഷേത്രത്തില്‍ വീണ്ടും കരടിയെത്തി നാശംവരുത്തി. പൂജദ്രവ്യങ്ങളായ നെയ്യും ശര്‍ക്കരയും എണ്ണയും ഉള്‍പ്പെടെ ഭക്ഷിക്കാനാണ് വനമേഖലയോട് ചേര്‍ന്ന ക്ഷേത്രങ്ങളില്‍ കരടിയെത്തുന്നത്. ടി.കെ കോളനി, ഒളര്‍വട്ടം, തേള്‍പ്പാറ, ചുള്ളിയോട്, പുഞ്ച തുടങ്ങിയ പ്രദേശങ്ങളില്‍ കരടി ശല്യം തുടങ്ങിയിട്ട് മാസങ്ങളായി.

ക്ഷേത്രങ്ങളിലെത്തുന്ന കരടി തേന്‍ പെട്ടികളടക്കം വ്യാപകമായി നശിപ്പിച്ചാണ് മടങ്ങാറുള്ളത്. കഴിഞ്ഞ വര്‍ഷത്തോടെയാണ് ജനവാസമേഖലയിലെ കരടി സാന്നിധ്യം കണ്ടുതുടങ്ങിയത്. ഇതേതുടര്‍ന്ന് വനംവകുപ്പ് ക്ഷേത്ര മുറ്റത്ത് കെണിയൊരുക്കി കരടിയെ പിടികൂടി കരുളായി ഉള്‍വന ത്തില്‍ തുറന്നുവിട്ടിരുന്നു. ഇതിന് ശേഷം വീണ്ടും കരടിശല്യമുണ്ടായതോടെ സമാനമായി കെണി സ്ഥാപിച്ചെങ്കിലും അതില്‍പ്പെട്ട കരടി കൂടിന്റെ കമ്പി തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. കരടിയുടെ നീക്കം നിരീഷിക്കാന്‍ കവളമുക്കട്ട ചക്കിക്കുഴി വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ വനപാലകര്‍ തത്സമയ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.