ആലപ്പുഴ എസ്.ഡി.വി കോളേജിൽ സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. റാഗിങ്ങിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ: സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന പേരിൽ എസ്.ഡി.വി കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ ഏൽറ്റുമുട്ടി. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇത് റാഗിങ്ങിന്റെ ഭാഗമായുള്ള ആക്രമണമാണെന്ന് രണ്ടാംവർഷ വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
ബികോം രണ്ടാം വർഷ വിദ്യാർത്ഥികളായ അനന്ദ കൃഷ്ണൻ, സെയിദ് അൻവർ, നിഷാദ് നവാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അനന്ദന്റെയും സെയിദിന്റെയും തലയ്ക്ക് തുന്നലുണ്ട്. നിഷാദിന്റെ ചുണ്ടിനും പരിക്ക പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11-ഓടെ കോളേജിൽ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രണ്ടാംവർഷ വിദ്യാർത്ഥികളിലൊരാൾ സ്വന്തം കൂട്ടുകാരനാണെന്ന് കരുതി മൂന്നാംവർഷ വിദ്യാർത്ഥിയെ 'ഹലോ ബ്രോ' എന്ന് വിളിച്ചിരുന്നു. ഇതിൽ തങ്ങളെ ബഹുമാനിച്ചില്ലെന്ന വിരോധത്തിലാണ് മൂന്നാം വർഷക്കാർ ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ രണ്ടാം വർഷ വിദ്യാർത്ഥികൾ തെറിവിളിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ തങ്ങളെ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി മൂന്നാംവർഷ വിദ്യാർത്ഥിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതിയിൽ സൗത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


