ലോക്ഡൗണിന് മുമ്പ് കിലോക്ക് 160 രൂപയുണ്ടായിരുന്ന മാന്തളിന് ഇപ്പോള്‍ 320 രൂപ വരെ വിലയുണ്ട്. കിലോക്ക് 150 രൂപയുണ്ടായിരുന്ന മത്തിക്ക് 250 രൂപയാണ് ലോക്ഡൗണ്‍ കാലത്തെ വില. 


കല്‍പ്പറ്റ: ഉണക്കമീനിന്റെ പ്രധാന വിപണികളിലൊന്നായ വയനാട്ടില്‍ മീന്‍ കിട്ടാനില്ല. സാധാരണ സമയങ്ങളില്‍ ഉണക്കമീനുകള്‍ക്ക് ആവശ്യക്കാരേറെയുള്ള ജില്ലയാണിത്. പച്ചമീന്‍ കൃത്യമായി എത്തിക്കാന്‍ കഴിയാത്തതിനാലും തൊഴിലാളികള്‍ ഏറെയുള്ളതിനാലും ഭൂരിപക്ഷം പേര്‍ക്കും ഉണക്കമീനുകളോടാണ് പ്രിയം. പക്ഷേ ലേക്ഡൗണ്‍ വന്നതോടെയാണ് വിപണിയാകെ മാറിയത്. ലോക്ഡൗണിന് മുമ്പുള്ളതിനെക്കാള്‍ പല ഉണക്കമീനുകള്‍ക്കും അമ്പത് രൂപമുതല്‍ 200 രൂപവരെ വിലവര്‍ധിച്ചിട്ടുണ്ട്. 

ലോക്ഡൗണിന് മുമ്പ് കിലോക്ക് 160 രൂപയുണ്ടായിരുന്ന മാന്തളിന് ഇപ്പോള്‍ 320 രൂപ വരെ വിലയുണ്ട്. കിലോക്ക് 150 രൂപയുണ്ടായിരുന്ന മത്തിക്ക് 250 രൂപയാണ് ലോക്ഡൗണ്‍ കാലത്തെ വില. ഏറ്റവും കൂടുതല്‍ വിലപ്പനയുണ്ടായിരുന്ന സ്രാവിന് ലോക്ഡൗണിന് മുമ്പ് 400 രൂപക്ക് താഴെ നല്‍കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ വില 600 രൂപവരെയാണ്.

അതേ സമയം മറ്റു അവശ്യവസ്തുക്കളുടെ വില ഏകീകരിച്ച പോലെ ഉണക്കമീനുകളുടെ വിലയും ഏകീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. പല ടൗണുകളിലും ഒരേയിനത്തില്‍പ്പെട്ട മീനുകള്‍ക്ക് വിവിധ തരം വിലയാണ് ഈടാക്കുന്നത്. പത്ത് രൂപ മുതല്‍ 100 രൂപ വരെ വ്യത്യാസം ഒരേ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നുവെന്ന് വാങ്ങുന്നവര്‍ പറയുന്നു. എന്നാല്‍ ഇവയുടെ ഗുണനിലവാരം ചിലപ്പോള്‍ തീരെ കുറഞ്ഞതുമാകാം. 

കടലില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം വന്നതോടെ ഉണക്കമീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. മത്സ്യ ചാകരയുണ്ടാകുമ്പോള്‍ ഉണക്കമീന്‍വിപണി സജീവമാകും. എന്നാലിപ്പോള്‍ ആവശ്യത്തിനുള്ള പച്ചമീന്‍ പോലും കിട്ടാത്ത അവസ്ഥയാണ് കേരളത്തില്‍. കോഴിക്കോട് ജില്ലയില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ഉണക്കമത്സ്യം എത്തുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം ഇവിടെ നിന്നുള്ള വരവ് കുറഞ്ഞു. പല വ്യാപാരികളും കോഴിക്കോട് പോയി മത്സ്യം വാങ്ങി എത്തിക്കുകയാണ്. മൊത്തവിപണിയില്‍ വില വര്‍ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൂടുതല്‍ കാലം കേട് കൂടാതെ വെക്കാമെന്നതിനാല്‍ വയനാട്ടിലെ തൊഴിലാളി കുടുംബങ്ങളുടെ പ്രിയവിഭവങ്ങളിലൊന്നാണ് ഉണക്കമത്സ്യം.