മൂന്നാര്‍: സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യമൊഴുകുന്നു. സന്ദര്‍ശകര്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യം വ്യാപകമായി വില്ക്കപ്പെടുന്നത്. 

കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിലും സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും മുന്‍കൂര്‍ മുറിബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് താമസസൗകര്യം ലഭിക്കുന്നുള്ളു. 

രാത്രികാലങ്ങളില്‍ മുറിലഭിക്കാതെ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കിടന്നുറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് മദ്യവില്പന. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഏജെന്റുമാരും പ്രവര്‍ത്തിക്കുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിന്റെ നേത്യത്വത്തില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും സന്ദര്‍ശകരെത്തുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്. 

എന്നാല്‍ മൂന്നാര്‍ എക്‌സൈസ് അധിക്യതരാകട്ടെ സംഭവത്തില്‍ യാതൊരുവുധ നടപടികളും ആരംഭിച്ചിട്ടില്ല. മൂന്നാറിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഇത്തരം ക്രൈമുകള്‍ കൂടി കൂടുന്നത് പോലീസനും തലവേദന സ്യഷ്ടിക്കുകയാണ്.