എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 രൂപയുടെ പ്രത്യേക സ്മരണിക നാണയം പുറത്തിറക്കി. ചടങ്ങിൽ, പ്രകൃതി സൗഹൃദ സാനിറ്ററി നാപ്കിനുകൾ, കുടിവെള്ളം തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങളും ഐഐടികളുമായി സഹകരിച്ചുള്ള നൂതന ആരോഗ്യ പദ്ധതികളും അവതരിപ്പിച്ചു
തിരുവനന്തപുരം: എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ (എച്ച് എൽ എൽ) വജ്രജൂബിലിയോടനുബന്ധിച്ച് 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി. എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിൽ നടന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പുറത്തിറക്കിയ പ്രത്യേക സ്മരണിക നാണയം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ഐ എ എസ് പ്രകാശനം ചെയ്തു. രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ എച്ച് എൽ എൽ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ച സെക്രട്ടറി പറഞ്ഞു. രാജ്യത്തിന് മികച്ച സേവനം നൽകാൻ എച്ച്എൽഎല്ലിനുള്ള കരുത്തിൽ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡയ്ക്ക് പൂർണ വിശ്വാസമാണുള്ളത്. എച്ച് എൽ എല്ലിന്‍റെ 'അമൃത്' ഫാർമസി ശൃംഖല വഴി കാൻസർ മരുന്നുകളും ബ്രാൻഡഡ് ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളും രോഗികൾക്ക് 50 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാക്കാൻ കഴിഞ്ഞത് മന്ത്രാലയത്തിന്റെ അഭിമാന നേട്ടമാണ്. 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ സർജിക്കൽ സാമഗ്രികൾ, മരുന്നുകൾ, ഭീഷ്മ ക്യൂബുകൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ മെഡിക്കൽ ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ എച്ച്എൽഎല്ലിന് സാധിച്ചു. കോവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധി ഘട്ടത്തിലും അവശ്യമരുന്നുകളും ആരോഗ്യസുരക്ഷാ സാമഗ്രികളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിൽ സ്ഥാപനം നിർണായക പങ്കാണ് വഹിച്ചത്. രാജ്യം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴൊക്കെയും മാതൃകാപരമായ സേവനവുമായി എച്ച് എൽ എൽ എപ്പോഴും മുന്നിൽ നിന്നിട്ടുണ്ടെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

പുതിയ പദ്ധതികൾ നിരവധി
രാജ്യത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളുമായി ആറ് പതിറ്റാണ്ടിന്റെ ജനസേവനം പൂർത്തിയാക്കുമ്പോൾ, ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഇരട്ടിയാകുകയാണെന്ന് എച്ച് എൽ എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി പറഞ്ഞു. വരും നാളുകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ കൂടുതൽ വിപുലമായ പദ്ധതികളിലേക്ക് എച്ച് എൽ എൽ ചുവടുവെക്കും. ന്യൂട്രീഷൻ, നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക ആരോഗ്യ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് മികച്ച ആരോഗ്യസേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും ഡോ. അനിത തമ്പി കൂട്ടിച്ചേർത്തു. എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിങ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടി ആൻഡ് ഒ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) കീഴിലുള്ള ഹൈദരാബാദിലെ ഇന്ത്യ ഗവൺമെന്റ് മിന്റാണ് സ്മരണിക നാണയങ്ങളും, അവയുടെ എക്സിക്യൂട്ടീവ് സ്റ്റാൻഡുകളും ഉദ്ഘാടന ഫ്രെയിമുകളും നിർമ്മിച്ചത്. ചടങ്ങിൽ, ഐ ഐ ടി മദ്രാസുമായി സഹകരിച്ചുള്ള 'ഹെൽത്ത് ഇന്നൊവേഷൻ ട്രാൻസ്‌ലേഷൻ സ്കെയിൽ-അപ്പ് സെന്റർ', 'എച്ച്എൽഎൽ പരിവർത്തൻ - വെൽനസ് ക്ലിനിക്' എന്നീ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. 'സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്', പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനായ 'എച്ച്എൽഎൽ ഹാപ്പി ഡേയ്‌സ് - എർത്ത്', പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ബ്രാൻഡായ 'എച്ച്എൽഎൽ വാട്ടർ' എന്നീ ഉൽപ്പന്നങ്ങളും പുറത്തിറക്കി. കൂടാതെ, ആരോഗ്യരംഗത്തെ സാങ്കേതിക പങ്കാളിത്തം ശക്തമാക്കുന്നതിനായി ഐഐടി ബോംബെയുമായി ചടങ്ങിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച് എൽ എൽ.
