സത്യഭാമയുടെ ചിരകാല സ്വപ്നം പൂവണിയുന്നു. വീടിൻ്റെ നിർമാണത്തിന് തുടക്കമായി. തകരഷീറ്റ് മേഞ്ഞ കുടിലിലാണ് ഇരിങ്ങപ്പുറം മണിഗ്രാമം സ്വദേശി പൂക്കയിൽ സത്യഭാമ കഴിഞ്ഞിരുന്നത്.
തൃശൂർ: ഗുരുവായൂരിലെ കലുങ്ക് സംവാദ സഭയിൽ സുരേഷ് ഗോപി നൽകിയ ഉറപ്പിൽ സത്യഭാമയുടെ വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുന്നു. വീടിൻ്റെ നിർമാണത്തിന് തുടക്കമായി. തകരഷീറ്റ് മേഞ്ഞ കുടിലിലാണ് ഇരിങ്ങപ്പുറം മണിഗ്രാമം സ്വദേശി പൂക്കയിൽ സത്യഭാമ കഴിഞ്ഞിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും പാസായിരുന്നില്ല. ഇതേ തുടർന്നാണ് വീട് നിർമ്മിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 21ന് ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിലേക്ക് അപേക്ഷയുമായി സത്യഭാമ എത്തിയത്.
\മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് നാല് ലക്ഷം രൂപ വീട് നിർമ്മാണത്തിന് നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകി. ഇതോടെ അയൽവാസി കെ. രാധാകൃഷ്ണൻ ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. ഈ തുക ഉപയോഗിച്ച് നിർമ്മിക്കുന്ന വീട്ടിൻ്റെ കട്ടിള വെപ്പ് കർമ്മം ബിജെപി നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
