അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ തലവടി ഫെഡറൽ ബാങ്കിന് മുകളിലെ എക്കോസ് ബിൽഡിംഗിൽ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്
കുട്ടനാട്: ആലപ്പുഴ തലവടിയില്‍ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ തലവടി ഫെഡറൽ ബാങ്കിന് മുകളിലെ എക്കോസ് ബിൽഡിംഗിൽ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. പരുത്തിക്കാട്ടിൽ ചാക്കോ മാത്യു, പഴയ ചിറയിൽ രഘുനാഥൻ, മൂന്നുപറയിൽ സിജോ സെബാസ്റ്റ്യൻ, ചെറുകുന്നേൽ സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ കയറിയവരുടെ ഹെൽമറ്റിൽ കടന്നുകൂടിയ തേനീച്ച ഇവരെ ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഹെൽമറ്റ് ഊരിയെറിഞ്ഞതോടെ കൌണ്ടറിലും പരിസരത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ തേനീച്ചകള്‍ പാഞ്ഞെത്തുകയായിരുന്നു. എടിഎമ്മിന്‍റെ സമീപത്ത് ലോട്ടറി വിൽപ്പന നടത്തുന്ന ശ്രീനാരായണ ലോട്ടറി കടയുടമ രഘുനാഥിനെ ക്രൂരമായി തേനീച്ച ആക്രമിച്ചു. സമീപത്തുണ്ടായവർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചാക്കോ മാത്യുവിനേയും രഘുനാഥിനേയും അടിയന്തിര ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒടുവില്‍ എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ തേൻ ശേഖരിക്കുന്ന ഹരിപ്പാട് സ്വദേശികളെ സ്ഥലത്ത് എത്തിച്ച് തേനീച്ചയെ പിടികൂടുകയായിരുന്നു.
മാര്‍ച്ച് മാസത്തില്‍ തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചിരുന്നു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് അംജിതയെ ഈച്ച പോലുള്ള പ്രാണി കുത്തിയത്. കഴുത്തിന് പിന്നിലായാണ് പ്രാണി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്.
ഈച്ച പോലുള്ള പ്രാണി കുത്തി, തിരുവല്ലയില്‍ 13കാരിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

