മുന്നിലുണ്ടായിരുന്ന ലോറിയെ അമിത വേഗതയില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കോഴിക്കോട്: അമിത വേഗതയിലെത്തിയ കാര്‍ എതിരെ വന്ന കാറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ കുടുക്കിലുമ്മാരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് വൻ അപകടം നടന്നത്. അത്തോളി സ്വദേശികളായ കൂട്ടില്‍ ഷമീം(41), ജസീറ (35), ആയിഷ (75), സിയാന്‍ (13), ഷിഫ്ര (11 മാസം), ഷിബ (7) നരിക്കുനി സ്വദേശി സലാഹുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ മുന്നിലുണ്ടായിരുന്ന ലോറിയെ അമിത വേഗതയില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍വശത്തു നിന്നും വരികയായിരുന്ന ഷമീമും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

സാരമായി പരിക്കേറ്റ ഷിബയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലാഹുദ്ദീന്‍ കോഴിക്കോട് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ