ചികിത്സയ്ക്ക് ഉപയോഗിച്ച കാനൂല നീക്കം ചെയ്യാതെ പതിനേഴുകാരന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നാണ് പരാതി. വയനാട് പനമരം പുതൂർകുന്ന് കോളനിയിലെ അഭിജിത്താണ് മരിച്ചത്.
അരിവാൾ രോഗം ബാധിച്ചു മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കൽ കോളജിന്റെ അനാദരവെന്ന് പരാതി. ചികിത്സയ്ക്ക് ഉപയോഗിച്ച കാനൂല നീക്കം ചെയ്യാതെ പതിനേഴുകാരന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നാണ് ആരോപണം. വയനാട് പനമരം പുതൂർകുന്ന് കോളനിയിലെ അഭിജിത്താണ് അരിവാള്‍ രോഗം മൂലം മരിച്ചത്.
അരിവാൾ രോഗത്തിനുള്ള ചികിത്സയ്ക്കായി രണ്ട് ദിവസം മുൻപാണ് പനമരം പുതൂർകുന്ന് കോളനിയിലെ അഭിജിത്തിനെ കൽപ്പറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. മരുന്ന് നൽകാനായി രോഗിയുടെ കയ്യിൽ ഘടിപ്പിച്ചിരുന്ന കാനൂല നീക്കം ചെയ്യാതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മൃതദേഹം വീട്ടിൽ എത്തിച്ചതിന് ശേഷമാണ് കാനൂല ശ്രദ്ധയിൽപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാള്‍ ആയതുകൊണ്ടാണ് ആശുപത്രി അധികൃതർ മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി.
പിന്നീട് ആശാവർക്കർ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ നിന്ന് ആരോഗ്യപ്രവർത്തകർ എത്തിയാണ് കാനൂല മൃതദേഹത്തിൽ നിന്ന് നീക്കം ചെയ്തത്. സംഭവത്തില്‍ ആശുപത്രിയുടെ വീഴ്ചയിൽ എസ്.സി എസ്.ടി കമ്മീഷന് അടക്കം പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാല്‍ സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകിയിട്ടില്ല.
കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് സെപ്റ്റംബർ 20-നാണ് സരുൺ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
