കടയിലെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും കൊലുസ് ലഭിച്ച ഭാഗത്തെ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. ഇതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ സ്വര്‍ണ കൊലുസ് കിട്ടിയതായും നഷ്ടപ്പെട്ടവര്‍ ബന്ധപ്പെടണമെന്നും പരസ്യപ്പെടുത്തുകയായിരുന്നു
തിരുവനന്തപുരം: വഴിയരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ കൊലുസിന്‍റെ ഉടമയെ അന്വേഷിച്ച് കണ്ടെത്തി വ്യാപാരിയും സഹപ്രവർത്തകരും. ബാലരാമപുരം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഞംഞം ഹോട്ടല്‍ ഉടമയായ ഷെമീര്‍ അഹമ്മദിനും ജീവനക്കാര്‍ക്കുമാണ് രണ്ടര പവന്‍റെ സ്വര്ണ കൊലുസ് കടയ്ക്ക് മുന്നില്‍ കിടന്ന് കിട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹോട്ടലില്‍ കച്ചവടം നടക്കുന്നതിനിടെയാണ് റോഡരികില്‍ സ്വര്‍ണ നിറത്തിലുള്ള എന്തോ കിടക്കുന്നതായി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഹോട്ടലുടമയായ ഷെമീർ നിർദേശിച്ച പ്രകാരം ജീവനക്കാരൻ എടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഷെമീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ കടയിലെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും കൊലുസ് ലഭിച്ച ഭാഗത്തെ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. ഇതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ സ്വര്‍ണ കൊലുസ് കിട്ടിയതായും നഷ്ടപ്പെട്ടവര്‍ ബന്ധപ്പെടണമെന്നും പരസ്യപ്പെടുത്തുകയായിരുന്നു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ സന്ദേശം വടക്കേവിള സ്വദേശി ഡോ:ലാവണ്യയും പിതാവ് ശശിധരനും ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിയിച്ചതോടെ ഷെമീര്‍ അഹമ്മദ് ബാലരാമപുരം എസ്.ഐ. വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ കൊലുസ് ഉടമയ്ക്ക് തിരികെ നല്‍കുകയായിരുന്നു. ഷെമീറിനും ജീവനക്കാർക്കും സഹകരിച്ച അടുത്ത കടകളിലെ വ്യാപാരികള്‍ക്കുമെല്ലാം പ്രത്യേക അഭിനന്ദനമറിയിച്ചാണ് പൊലീസുദ്യോഗസ്ഥർ മടങ്ങിപ്പോയത്.തിരികെ കിട്ടാൻ ഇടയില്ലെന്ന സ്വർണാഭരണം യാദൃശ്ചികമായി തിരികെ ലഭിച്ചതിലെ വലിയ സന്തോഷത്തിലാണ് ലാവണ്യയും വീട്ടുകാരും.
മകന്‍റെ മോഷണം പോയ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കിട്ടാന്‍ വേണ്ടി അവസാനശ്രമവുമായി ഈ പിതാവ്
മകന്‍റെ മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടാന്‍ പിതാവിന്‍റെ ശ്രമം വൈറലാവുന്നു. ബന്ധു നല്‍കിയ പഴയ സൈക്കിളിലായിരുന്നു മകന്‍റെ സ്കൂളില്‍ പോക്ക്. ശനിയാഴ്ചയാണ് ഈ സൈക്കിള് കാണാതായത്. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിലെ എട്ടുമന ചിറക്കുറിയിലെ പെയിന്‍റിംഗ് തൊഴിലാളിയായ സൈഫുദീന്‍റെ മകന്‍റെ സൈക്കിളാണ് മോഷണം പോയത്. കരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ സൈക്കിള്‍ കാണാതായത്. ഒന്നരകിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് പോകാന്‍ സൈഫുദീന്‍റെ മകന്‍റെ ആശ്രയമായിരുന്നു ഈ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍. പത്താം ക്ലാസിലാണ് സൈഫുദീന്റെ മകന്‍ പഠിക്കുന്നത്. സൈക്കിള്‍ കാണാതായതോടെ മകന്‍റെ സ്കൂള്‍ യാത്ര പരുങ്ങലിലായി. ഇതോടെയാണ് അറ്റകൈ നടപടിയുമായി സൈഫുദീന്‍ എത്തിയത്. മകന്‍റെ സങ്കടവും ബുദ്ധിമുട്ടും വിശദമാക്കി സൈക്കിള്‍ മോഷണം പോയ സ്ഥലത്ത് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് ഈ പിതാവ്. ഈ പോസ്റ്റര്‍ കണ്ടെങ്കിലും മോഷ്ടാവിന്‍റെ മനസ് മാറി സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബമുള്ളത്.
'എന്റെ സാധനങ്ങള്‍ തിരികെ തരാമോ?'; സ്വര ഭാസ്‌കറിന്റെ ഷോപ്പിംഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി
ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു. ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബർ അധികൃതരെ അറിയിച്ചു. ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിംഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു
