ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചത് ചോദ്യം ചെയ്ത യുവാവിനെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ ഉടമ കോടതിയിൽ.

മലപ്പുറം: ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ ഉടമ കോടതിയിൽ. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാർച്ച് 12 നാണ് കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയത്. അവിടെനിന്നും ബ്രോസ്റ്റ് ഓർഡർ ചെയ്തു കഴിക്കുന്നതിനിടയിൽ പുഴുവിനെ കണ്ടു. 

ഉടനെ റസ്റ്റോറന്റിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ കഴിക്കാം എന്നായിരുന്നു അവരുടെ മറുപടിയെന്ന് ജിഷാദ് പറയുന്നു. ഉടൻ തന്നെ കഴിച്ചതിന്റെ പണം നൽകി കഴിച്ച ഫുഡ് പാർസൽ ചെയ്ത് അവിടെ നിന്നും ഇറങ്ങി. വിവിധ വകുപ്പുകളിൽ പരാതിയും നൽകി എന്നും ജിഷാദ് പറയുന്നു. പിറ്റേദിവസം കോട്ടക്കൽ മുൻസിപ്പാലിറ്റി അവിടെ എത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. 7500 രൂപ പിഴയും ഈടാക്കുകയും ചെയ്തു.

എന്നാൽ അഞ്ച് ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണ സാമ്പിൾ അധികൃതർ ശേഖരിച്ചത്. അതുവരെ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. ഇത്രയും ദിവസം ഫ്രീസറിൽ സൂക്ഷിച്ചതിനാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് വന്നത്. ഇതാണ് ഇപ്പോൾ ഹോട്ടൽ ഉടമ കോടതിയെ സമീപിക്കാൻ കാരണമായത്. സംഭവം വാർത്തയായതോടെ ഹോട്ടൽ ഉടമ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ജിഷാദ് ആരോപിക്കുന്നു.

Read more:  സഹകാർ ഭാരതിയുടെ കീഴിലുള്ള സമൃദ്ധി സ്റ്റോർ ഓഹരി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി

പിന്നീട് ജിഷാദിനെതിരെ മലപ്പുറത്ത് കെ എച്ച് ആർ എ യുടെ നേതൃത്വത്തിൽ പ്രസ് മീറ്റ് നടത്തുകയും ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഒരു വക്കീൽ നോട്ടീസ് നിഷാദിന്റെ പേരിൽ ലഭിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം, ഹോട്ടൽ ഉടമസ്ഥതയുള്ള കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്ന മംഗലാപുരത്തെ കോടതിയിൽ നിന്ന് ഓഗസ്റ്റ് 30 -ന് ഹാജരാകണമെന്ന നോട്ടീസും ലഭിച്ചു. എന്തായാലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ജിഷാദ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം