കോഴിക്കോട് നരിക്കുനിയിലെ സുല്‍ത്താന്‍ ഹോട്ടല്‍ പണമില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നു.

കോഴിക്കോട്: കൈയ്യില്‍ പണമില്ലെന്ന കാരണത്താല്‍ വിശപ്പ് മാറ്റാനാകാതെ ഇനി പ്രയാസപ്പെടേണ്ടതില്ല. ഈ ഹോട്ടലില്‍ ചെന്നാല്‍ നിങ്ങളുടെ വിശപ്പ് മാറ്റാം. പണമൊന്നും നല്‍കാതെ തന്നെ. പക്ഷേ, ഒരു നിബന്ധന മാത്രം, നിങ്ങള്‍ ലഹരി ഉപയോഗിക്കുന്ന ആളാകരുത്.

കോഴിക്കോട് നരിക്കുനി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ഹോട്ടല്‍ ഉടമയാണ് വയറെരിയുന്നവരുടെ വിശപ്പകറ്റാന്‍ പണം മാനദണ്ഡമല്ലെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗജന്യം ലഭ്യമാകില്ലെന്നും ഉടമ കെ സലീം വ്യക്തമാക്കി.

ലഹരി ഉപയോഗിക്കാത്തവരും നിര്‍ധനരുമായവര്‍ക്ക് ഭക്ഷണം സൗജന്യമാണെന്ന് കാണിച്ച് ഹോട്ടലിന് മുന്നില്‍ വലിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് ഭക്ഷണം നല്‍കി സഹായിക്കാനുള്ള സന്നദ്ധതയും ലഹരിക്കെതിരെയുള്ള സന്ദേശവുമാണ് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സലീം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.