അഞ്ചംഗ കുടുംബത്തിന്റെ കിടപ്പാടം ഇല്ലാതായി; ശക്തമായ മഴയിൽ വീട് തകർന്നു
ഹരിപ്പാട്: ശക്തമായ മഴയിൽ വീട് തകർന്നു. ചിങ്ങോലി പതിനൊന്നാം വാർഡ് അനിഴം വീട്ടിൽ സതീഷും കുടുംബവുമാണ് വീട് തകർന്നതോടെ പെരുവഴിയിലായത്. തകിട് ഷീറ്റും ഓടും പലകയും കൊണ്ടു നിർമിച്ച രണ്ടു മുറി വീട് ബുധനാഴ്ച രാത്രി എട്ടോടെയാണ് തകർന്നത്.
ഈ ചെറിയ വീട്ടിലാണ് മൂന്നു കുട്ടികളടക്കം അഞ്ചംഗ കുടുംബം താമസിച്ചു വന്നിരുന്നത്. സതീഷ് കുമാറും ഭാര്യ ദീപ്തിയും മൂത്ത മകനും ശ്രീകൃഷ്ണജയന്തി ശോഭയാത്ര കാണാനായി പോയപ്പോഴാണ് വീട് വീണത്. ഇളയ കുട്ടികൾ ബന്ധുവീട്ടിലായിരുന്നു. അതിനാൽ ആപത്ത് ഒഴിവായി. തയ്യൽ മെഷീനും, അലമാരയും കട്ടിലും ഉൾപ്പെടെയുളള ഗൃഹോപകരണങ്ങൾക്കും നാശമുണ്ടായി.
സതീഷ് റോഡ് നിർമാണത്തൊഴിലാളിയും ദീപ്തി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ചെറിയ അപകടമുണ്ടായതിനാൽ ഒന്നരമാസത്തിലേറെയായി സതീഷ് കുമാറിനു ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ പ്രതിസന്ധിയിലായിരിക്കെയാണ് വീട് തകരുന്നത്. പൊതുപ്രവർത്തകരും നാട്ടുകാരും ഇടപെട്ട് ഏഴാം വാർഡിലുളള വാടകവീട്ടിലേക്ക് കൂടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. സെപ്റ്റംബർ 8 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ ഒഡിഷ -ഛത്തീസ്ഗഡ് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി സെപ്റ്റംബർ 8 മുതൽ 10 വരെ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യാൻ സാധ്യത.
