നിലത്ത് ഒരു തുണി വിരിച്ചാണ് ഉറക്കം. വന്യമൃഗങ്ങളുടെ ഭീഷണി ഏറെയുള്ള പ്രദേശമായതിനാല്‍, രാത്രിയില്‍ മൃഗങ്ങളെ അകറ്റാന്‍ വിറകടുപ്പില്‍ തീ കത്തിച്ചുവെച്ചാണ് ഈ വയോധിക ഉറങ്ങുന്നത്

മലപ്പുറം: തലചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ വന്യമൃഗങ്ങളുടെ സാമീപ്യമുള്ള കാടിനോട് ചേര്‍ന്ന തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡില്‍ അന്തിയുറങ്ങേണ്ട അവസ്ഥയിൽ 65കാരി. നിലമ്പൂര്‍ ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ ചാത്തി എന്ന വയോധികയാണ് സര്‍ക്കാരിന്റെയും അധികൃതരുടെയും അനാസ്ഥയില്‍ ഈ ദുര്‍വിധി പേറുന്നത്. 15 വര്‍ഷം മുമ്പ് സര്‍ക്കാരിന്റെയും ഒരു സന്നദ്ധ സംഘടനയുടെയും സഹായത്തോടെ നിര്‍മ്മിച്ചുനല്‍കിയ വീട് അഞ്ച് വര്‍ഷം മുമ്പ് തകര്‍ന്നു വീണതോടെയാണ് ചാത്തിയുടെ ദുരിതം തുടങ്ങിയത്. വീട് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്. കാട്ടുചോലയോട് ചേര്‍ന്ന് കുത്തനെയുള്ള അപകടകരമായ സ്ഥലത്ത് അടിത്തറയില്ലാതെയാണ് വീട് പണിതത്. ഇതിനെത്തുടര്‍ന്ന് അടിത്തറ ഇളകി വീട് പൂര്‍ണ്ണമായും തകരുകയായിരുന്നു. ഭര്‍ത്താവ് മാതന്‍ മൂന്നു വര്‍ഷം മുമ്പ് മരിച്ചതോടെ ചാത്തി തീര്‍ത്തും ഒറ്റപ്പെട്ടു. മക്കളുണ്ടെങ്കിലും ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ കണ്ണീരോടെ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

നിലവില്‍ കാടിനോട് ചേര്‍ന്ന തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഒരു ഷെഡിലാണ് ഇവരുടെ താമസം. നിലത്ത് ഒരു തുണി വിരിച്ചാണ് ഉറക്കം. വന്യമൃഗങ്ങളുടെ ഭീഷണി ഏറെയുള്ള പ്രദേശമായതിനാല്‍, രാത്രിയില്‍ മൃഗങ്ങളെ അകറ്റാന്‍ വിറകടുപ്പില്‍ തീ കത്തിച്ചുവെച്ചാണ് ഈ വയോധിക ഉറങ്ങുന്നത്. കാളികാവ് ചിങ്കക്കല്ല് ഉന്നതി നഗറിലെ മിക്ക വീടുകളും ഇതേപോലെ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും, ഇത് ഏത് സമയവും അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും പ്രദേശവാസികള്‍. കൂലിപ്പണി ചെയ്താണ് ചാത്തി തന്റെ നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം ഇന്നും ഈ വയോധികയ്ക്ക് അപ്രാപ്യമായി തുടരുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇവര്‍ക്ക് സുരക്ഷിതമായ ഒരു വീട് നിര്‍മ്മിച്ചു നല്‍കുകയും, ഇവിടുത്തെ മറ്റ് ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം