വയോധികരായ മാതാപിതാക്കളുടെ കഴിവിനുമപ്പുറമായിരുന്നു സ്വന്തമായൊരു വീട്. 6 മാസത്തിനകം മകളെയും കൊണ്ട് സുരക്ഷിതമായ ഇടത്തേക്ക് മാറാമെന്ന ആശ്വാസത്തിലാണ് ഇവർ. 

പാലക്കാട്: ഓട്ടിസം ബാധിച്ച മകൾ രാത്രി ഉറക്കെ ശബ്ദം ഉണ്ടാക്കുന്നുവെന്ന അയൽവാസികളുടെ പരാതി മൂലം പന്ത്രണ്ട് വാടക വീടുകൾ മാറേണ്ടി വന്ന പാലക്കാട്ടെ അക്ബർ അലിയ്ക്കും കുടുംബത്തിനും ആശ്വാസം. ഷാഫി പറമ്പിൽ എംഎൽഎയുടെ സഹായത്തോടെ വീടുപണി തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

അക്ബർ അലിയുടെയും ഭാര്യ കാലത്തിന്റെയും ഏക മകളാണ് ഡെൽഫ. വയസ്സ് 25 ആയി. സംസാരിക്കാനാകില്ല. ഓർമ്മശക്തിയില്ല. കാര്യങ്ങൾ തിരിച്ചറിയുകയുമില്ല. കണ്ണു തെറ്റിയാൽ സ്വന്തം ശരീരം കടിച്ചു മുറിക്കും. വേദനയറിയില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും ഉമ്മ കൂടെ വേണം. അർദ്ധരാത്രിയിൽ മകൾ ഉറക്കെ അലറും. ശബ്ദമുണ്ടാക്കും. ഇത് നിയന്ത്രിക്കാൻ ഈ മാതാപിതാക്കൾക്ക് ആവില്ല. അയൽവാസികളുടെ പരാതി മുറുകുമ്പോൾ ഉള്ളതും പെറുക്കി മറ്റൊരു വാടക വീട്ടിലേക്ക്.

ഇവരുടെ ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ അറിഞ്ഞ് നിരവധി പേരാണ് സഹായവുമായെത്തിയത്. ഷാഫി പറമ്പിൽ എംഎൽഎ വീടുവെച്ചു നൽകുമെന് ഉറപ്പ് നൽകി. ഇപ്പോൾ പാലക്കാട് ആണ്ടിമഠം കോളനിയിയെ 3 സെൻറ് ഭൂമിയിലാണ് 501 സ്ക്വയർ ഫീറ്റിൽ ഇവർക്ക് വീടൊരുങ്ങുന്നത്. വയോധികരായ മാതാപിതാക്കളുടെ കഴിവിനുമപ്പുറമായിരുന്നു സ്വന്തമായൊരു വീട്. 6 മാസത്തിനകം മകളെയും കൊണ്ട് സുരക്ഷിതമായ ഇടത്തേക്ക് മാറാമെന്ന ആശ്വാസത്തിലാണ് ഇവർ. 

ഫെയ്‌സ്ബുക്കിൽ പരിചയം, പിന്നാലെ പ്രണയം: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവ് ശിക്ഷ

ഓട്ടിസം ബാധിച്ച ഡെൽഫയ്ക്ക് വീടൊരുങ്ങുന്നു