വണ്ടാനം ദന്തൽ കോളേജാശുപത്രിയിൽ നിന്നും അടുത്തമാസം ഗ്രാജുവേഷൻ ലഭിക്കാനിരിക്കെയാണ് ഇരുവരും അപകടത്തിൽപ്പെടുന്നത്.

അമ്പലപ്പുഴ: ആലപ്പുഴയയിൽ ദേശീയപാതയിൽ പുന്നപ്ര കുറവൻതോട്ടില്‍ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഹൗസ് സർജന് പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷൻ പടിഞ്ഞാറ് പൂന്തോപ്പ് വാർഡിൽ നൂർ മൻസിൽ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ ഷാനവാസിന്റെ മകൻ അനസ് (25) ആണ് മരിച്ചത്. ഇദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തിരുന്ന ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ആരതിക്ക് അപകടത്തിൽ പരിക്കേറ്റു.

വണ്ടാനം ദന്തൽ കോളേജാശുപത്രിയിൽ നിന്നും അടുത്തമാസം ഗ്രാജുവേഷൻ ലഭിക്കാനിരിക്കെയാണ് ഇരുവരും അപകടത്തിൽപ്പെടുന്നത്. ഹൗസർജൻസി കഴിഞ്ഞ് ഇരുവരും ഒരു വർഷത്തെ സേവനം ചെയ്തു വരുകയായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് 12.20 ഓടെ കുറവന്തോട് ജംഗ്ഷന് അടുത്തുള്ള ബേക്കറിയിൽ നിന്നും ചായ കുടിച്ചതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.

ഹോസ്റ്റലിന്‍റെ ഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്കിൽ ദേശീയപാത മുറിച്ച് കടക്കാൻ നിൽക്കുന്നതിനിടെ കണ്ടെയ്നനർ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ അനസ് ലോറിക്കടിയിൽപ്പെട്ട് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ആരതിക്ക് നിസാര പരിക്കുണ്ട്. സുബീനയാണ് അനസിന്റെ മാതാവ്. സഹോദരി അഞ്ചു. 

Read More :  മലപ്പുറത്ത് വീണ്ടും കടുവയിറങ്ങി, ഭീതിയിലാക്കി കാൽപ്പാടുകൾ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ

അതിനിടെ കാസർകോട് സ്കൂൾ ബസ് തട്ടി നഴ്സറി സ്കൂള്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർകോട് കമ്പാർ പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് തട്ടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കവെ ആയിഷ ബസിന്‍റെ മുന്നിൽപ്പെടുകയായിരുന്നു.