ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു.
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. മഞ്ചാടിയിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതി വലിയാക്കത്തൊടിയിൽ ഹഫ്‌സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്.
ഹഫ്‌സത്ത് ബീവിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് യുവതി റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.
വടക്കഞ്ചേരി അപകടം: സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും
അതേസമയം വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തില്‍ 9 പേരാണ് മരിച്ചത്. ഇതില്‍ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നതാണ് അപകട കാരണം. അപകടം നടന്ന സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടത്തിന് പിന്നാലെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോർ വാഹനവകുപ്പ് രജിസ്റ്റർ ചെയ്തത്. അതേസമയം വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും.
ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടിയുണ്ടാകും. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലെ പരിശോധന.
Read More : വാഹന പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്; തൃശൂരില്‍ മാത്രം 99 നിയമ ലംഘനങ്ങൾ, പിഴ 98000 രൂപ
