പഴയ മൂന്നാറിലെ ബൈപാസ് പാലത്തിനു സമീപമുള്ള കമ്പനി ലയത്തിലെ രണ്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. മണ്ണ് വന്ന് മൂടിയ വീടിനുള്ളിലുണ്ടായിരുന്ന സര്‍വ്വവും നശിച്ചു. 

ഇടുക്കി: പെരുന്നാള്‍ കൂടാന്‍ പോയ കുടുംബം തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണ്ണമായി തകര്‍ന്ന കാഴ്ച. വീട് തകര്‍ന്നെങ്കിലും മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല രമേശിനും കുടുംബത്തിനും.

കഴിഞ്ഞ 14 ന് തമിഴ്‌നാട് തൂത്തുക്കുടിയിലെ പള്ളിപ്പെരുന്നാളിന് പങ്കെടുക്കാന്‍ പോയതായിരുന്നു രമേശും കുടുംബവും. തിരികെയെത്തിയപ്പോള്‍ വീടിരിക്കുന്നിടത്ത് കണ്ടത് വലിയ മണ്‍കൂന. വീടിന് മുന്നിലെ മണ്‍ചെരിവ് ഇടിഞ്ഞുവീണ് മണ്ണ് മുന്‍വശം മൂടിയിരുന്നു. വീടിനുള്ളിലേക്ക് കടക്കാനാകുമായിരുന്നില്ല. 

പഴയ മൂന്നാറിലെ ബൈപാസ് പാലത്തിനു സമീപമുള്ള കമ്പനി ലയത്തിലെ രണ്ടു വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. മണ്ണ് വന്ന് മൂടിയ വീടിനുള്ളിലുണ്ടായിരുന്ന സര്‍വ്വവും നശിച്ചു. രമേശിന്‍റെ വീടിന് തൊട്ടടുത്തുണ്ടായിരുന്ന വീടും മണ്ണുമൂടി. മണ്ണ് വന്ന മൂടിയതോടെ വീട് നഷ്ടമായ ഇവര്‍ തല്‍ക്കാലം ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. 

വീടിന്റെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചു വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഏറെ പണിപ്പെട്ട് തിരിച്ചെടുത്തതൊഴിച്ചാല്‍ മറ്റെല്ലാം നഷ്ടമായ അവസ്ഥയിലാണ് രമേശും കുടുംബവും. തൊട്ടടുത്തുള്ള രണ്ടു വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് താമസിക്കാന്‍ കമ്പനി വീട് നല്‍കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഇരു കുടുംബങ്ങളും.