ഓടുന്ന ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്തതിനെ തുടര്‍ന്ന്  നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണ് ബസ് കയറി സ്ത്രീ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ റിമാന്‍റില്‍ ചെയ്തു


ചെങ്ങന്നൂർ: ഓടുന്ന ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണ് ബസ് കയറി സ്ത്രീ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ റിമാന്‍റില്‍ ചെയ്തു. ഇരവിപേരൂർ നന്നൂർ വാഴക്കാലാ മലയിൽ വീട്ടിൽ റേഷൻ വ്യാപാരിയായ രവീന്ദ്രൻ നായരുടെ ഭാര്യ കാഞ്ചനവല്ലി (56)യാണ് മരിച്ചത്. ടാക്സി ഡ്രൈവറായ പന്തളം തോന്നല്ലൂർ സജാദ് മൻസിലിൽ മുഹമ്മദ് സാദിഖ് (50)നെയാണ് റിമാന്‍റ് ചെയ്ത്. 

എം സി റോഡിൽ പ്രാവിൻ കൂട് കവലക്ക് സമീപം ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അപകടം സംഭവിച്ചത്. ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മകൻ പ്രദീപ് ആർ നായർ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു കാഞ്ചന വല്ലി. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു ഇവർ. 

ഈ സമയം തിരുവല്ല ഭാഗത്ത് നിന്നും പന്തളത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് സാദിഖിന്‍റെ കാറിന്‍റെ പിന്നിൽ ബൈക്ക് ഉരസി. ഇതിൽ പ്രകോപിതനായ ഡ്രൈവർ കാറിലിരുന്ന് കൊണ്ട് തന്നെ ബൈക്കിന്‍റെ താക്കോൽ ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

താക്കോല്‍ ഊരിയെടുക്കുന്നതിനിടെ ബൈക്കിന്‍റെ ഹാൻഡിൽ ലോക്ക് വീണു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും പ്രദീപ് ഇടത് വശത്തേക്കും, അമ്മ കാഞ്ചനവല്ലി വലത് വശത്തേ റോഡിലേക്കും തെറിച്ച് വീഴുകയായിരുന്നു. 

തൊട്ട് പിന്നാലെ വരികയായിരുന്ന തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ടയർ റോഡിൽ വീണുകിടന്ന കാഞ്ചന വല്ലിയുടെ തലയിൽ കൂടി കയറിയിറങ്ങിയാണ് മരണം. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.