കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 28 വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് ചെറുവത്തൂര്‍ കാടങ്കോട്ടെ കമലാക്ഷിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായത്.

കാസര്‍കോട്: ശസ്ത്രക്രിയ പിഴവില്‍ വീട്ടമ്മയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 28 വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് ചെറുവത്തൂര്‍ കാടങ്കോട്ടെ കമലാക്ഷിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായത്. അനുകൂല വിധിയുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാത്തതില്‍ 75 വയസുകാരി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

1995 ലാണ് കാടങ്കോട്ടെ കമലാക്ഷിയുടെ ഇടത് കണ്ണിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. പക്ഷേ കണ്ണ് തന്നെ എടുത്ത് കളയേണ്ട അവസ്ഥയായി. ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാണിച്ച് കമലാക്ഷി 1999 ല്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2018 ല്‍ 2.30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു. സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി തള്ളി. എന്നിട്ടും നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Also Read: 'കർഷകനല്ല കുറ്റക്കാരൻ'; വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി, വാഴത്തോട്ടം സന്ദർശിച്ച് മന്ത്രി

ആരോഗ്യ വകുപ്പ് ഈടായി നല്‍കിയ വാഹനം ലേലം ചെയ്ത് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമലാക്ഷിയുടെ ആവശ്യം. കോടതി ഇടപെട്ടതോടെ വ്യാഴാഴ്ച വാഹനം ഹാജരാക്കി. നഷ്ടപരിഹാരത്തുക ഇപ്പോള്‍ പലിശയടക്കം ഏഴ് ലക്ഷത്തിന് മുകളിലാണ്. ഈടായി നല്കിയ വാഹനം ലേലം ചെയ്താല് അത്രയും തുക കിട്ടുമോ എന്ന സംശയത്തിലാണിപ്പോള്‍ കമലാക്ഷി. വാഹനത്തിന്‍റെ വില കണക്കാക്കാന‍് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി വിധിച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലുള്ള കമലാക്ഷിയുടെ കാത്തിരിപ്പ് നീളുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്