കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകൻ പങ്കെടുത്ത പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലാണ് വിജയ് ഇന്ദുചൂഡൻ വിമർശനം ഉന്നയിച്ചത്
പത്തനംതിട്ട: നേതാക്കളുടെ മക്കൾ യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ രംഗത്ത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകൻ പങ്കെടുത്ത പത്തനംതിട്ട ജില്ലാ നേതൃയോഗത്തിലാണ് വിജയ് ഇന്ദുചൂഡൻ വിമർശനം ഉന്നയിച്ചത്. അടിയും അറസ്റ്റും കേസും കോടതിയുമായി എത്ര നേതാക്കളുടെ മക്കൾ നടക്കുന്നുണ്ടെന്നായിരുന്നു യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍റെ ചോദ്യം.
നേതാക്കളിൽ എത്രപേരുടെ മക്കൾ യുവജന പ്രസ്ഥാനങ്ങളിൽ സജീവമാണ്? സഹകരണ സ്ഥാപനങ്ങളിൽ നിയമനങ്ങൾ വരുമ്പോൾ പാർട്ടിയിലുള്ള എത്ര യുവാക്കളെ പരിഗണിക്കുന്നുണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് നേതാക്കളെ വേദിയിൽ ഇരുത്തി തന്നെ വിജയ് ഇന്ദുചൂഡൻ ചോദിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകൻ, കെ പി സി സി സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ തുടങ്ങി നിരവധി നേതാക്കളാണ് വേദിയിലുണ്ടായിരുന്നത്. സോഷ്യൽ മീഡിയയിൽ വിജയ് ഇന്ദുചൂഡന്‍റെ വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. നിരവധി കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് വിജയ് ഇന്ദുചൂഡൻ പറഞ്ഞത് ശരിയാണെന്ന അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.
വീഡിയോ കാണാം
പത്തനംതിട്ടയിലെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ആർ ഇന്ദുചൂഡന്‍റെ മകനാണ് വിജയ് ഇന്ദുചൂഡൻ. ഓമല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച പിതാവ് രാഘവന്‍നായരുടെ രാഷ്ട്രീയ ജീവിതമാണ് മകന്‍ ഇന്ദുചൂഡനേയും രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. ജില്ലയിലെ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഡി സി സി വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള ഇന്ദുചൂഡന്‍റെ രാഷ്ട്രീയ വഴി തന്നെ മകനും സ്വീകരിക്കുകയായിരുന്നു.
