കൊച്ചി കോർപ്പറേഷനും സ്മാർട്ട് മിഷൻ ലിമിറ്റഡും സംയുക്തമായി ഫോർട്ടുകൊച്ചിയിൽ നിർമ്മിച്ച തുരുത്തി ടവർ നാടിന് സമർപ്പിക്കുന്നു. വീടില്ലാത്ത 394 നിർധന കുടുംബങ്ങൾക്കായി രണ്ട് ടവറുകളിലായി നിർമ്മിച്ച ഈ ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

കൊച്ചി: കൊച്ചിയുടെ അഭിമാനമാവുകയാണ് ഫോർട്ടുകൊച്ചിയിൽ നിർമാണം പൂർത്തിയായ തുരുത്തി ടവർ. വീടില്ലാത്തവർക്കായി ഒരു തദ്ദേശ സ്ഥാപനം ഒരുക്കുന്ന ഏറ്റവും വലിയ പാർപ്പിട പദ്ധതിയാണ് ഇത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും കോർപ്പറേഷനും സംയുക്തമായാണ് നിർമാണം. രണ്ട് ടവറുകളിലായി 394 ഫ്ലാറ്റുകളാണ് സമുച്ചയത്തിലുള്ളത്. 340 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ യൂണിറ്റും. താഴത്തെ നിലയിൽ 14 കടമുറികളും അങ്കണവാടിയുമുണ്ട്. കൊച്ചിയുടെ കണ്ണായ സ്ഥലത്ത് മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ പാർപ്പിടസമുച്ചയം മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി കോര്‍പറേഷന്‍റെ ഈ പദ്ധതിയെ മന്ത്രി പി രാജീവും അഭിനന്ദിച്ചു.

പി രാജീവിന്‍റെ വാക്കുകൾ

കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ എത്രരൂപ വേണ്ടിവരും? ഇതാ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ സ്മാർട്ട് സിറ്റി ലിമിറ്റഡുമായി ചേർന്ന്, 394 നിർധന കുടുംബങ്ങൾക്ക് പുതിയ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചുനൽകിയെന്ന സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവർക്കായി നിർമ്മിച്ചിരിക്കുന്ന ഈ ഫ്ലാറ്റുകളുടെ ഉദ്ഘാടനം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ സെപ്തംബർ 27ന് നിർവ്വഹിക്കും. തുരുത്തിയില്‍ 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്.

13 നിലകളിലായി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറിൽ ആകെ 195 അപ്പാർട്ട്മെന്‍റുകളാണുള്ളത്. ഓരോ അപാർട്ട്മെന്‍റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകൾ എന്നിവയാണുള്ളത്. കോമൺ ഏരിയ, പാർക്കിങ്ങ് സ്ലോട്ടുകൾ, കടമുറികൾ, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, അങ്കണവാടി, ലിഫ്റ്റ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സമുച്ചയത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷനേയും മേയർ അനിൽകുമാറിനേയും സ്മാർട്ട് സിറ്റി മിഷനേയും അഭിനന്ദിക്കുന്നു.