നിരവധി പ്രമുഖ ഉത്സവങ്ങളില്‍ പാണ്ടിമേളത്തില്‍ പങ്കെടുത്ത കുറുങ്കുഴല്‍ കലാകാരി ഹൃദ്യ കെ സുധീഷ് ഇത്തവണ കാരമുക്ക് പൂരത്തില്‍ പങ്കെടുക്കും

തൃശൂര്‍: ഇത്തവണയും തൃശൂര്‍ പൂരത്തില്‍ പെണ്‍പെരുമ. വെടിക്കെട്ടില്‍ പെരുമ തീര്‍ത്ത പെണ്ണഴക് ഇത്തവണ മേളത്തിലാണ് പെരുമ കാണിക്കുന്നത്. ആണധികാരമാണ് പൂരം എന്ന് പറയുന്നവര്‍ക്കിടയിലേക്കാണ് ഈ കലാകാരി എത്തുന്നത്. തൃശൂര്‍ പൂരത്തിന്‍റെ ഘടക പൂരമായ കാരമുക്ക് പൂരമാണ് പെണ്‍പെരുമയോടെ എത്തുന്നത്. നിരവധി പ്രമുഖ ഉത്സവങ്ങളില്‍ പാണ്ടിമേളത്തില്‍ പങ്കെടുത്ത കുറുങ്കുഴല്‍ കലാകാരി ഹൃദ്യ കെ സുധീഷ് ഇത്തവണ കാരമുക്ക് പൂരത്തില്‍ പങ്കെടുക്കും.

ഹൃദ്യ പങ്കെടുക്കുന്ന രണ്ടാമത്തെ തൃശൂര്‍ പൂരമാണിത്. കഴിഞ്ഞ തവണ പനമുക്കുംപിള്ളി ഘടക പൂരത്തിന്‍റെ ഭാഗമായികുറുങ്കുഴല്‍ വാദകയായ ഹൃദ്യയും മറ്റൊരു കുറുങ്കുഴല്‍ കലാകാരിയായ ശ്രീപ്രിയ മുളങ്കുന്നത്തുകാവും പങ്കെടുത്തിരുന്നു. എന്നാല്‍, വിവാഹശേഷം ഇപ്പോള്‍ ദില്ലിയിൽ താമസമായതിനാല്‍ ശ്രീപ്രിയ ഇത്തവണ മേളം കലാകാരിയായി തൃശൂര്‍ പൂരത്തിനുണ്ടാകില്ല.

പിതാവും ചെണ്ട കലാകാരനുമായ സുധീഷ് കോഴിപ്പറമ്പിലില്‍ നിന്നാണ് മേളത്തില്‍ ആകൃഷ്ടയായത് എന്ന് ഹൃദ്യ പറയുന്നു. 32 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന്‍റെ ഭാഗമായ അജി പട്ടിക്കാടിന്‍റെ ശിക്ഷണത്തിലാണ് ഹൃദ്യ കുറുങ്കുഴല്‍ അഭ്യസിച്ചത്. കുറുങ്കുഴലില്‍ ഊതുന്ന ഭാഗത്തുള്ള വിവിധ ശിവാളികള്‍ മാറിമാറി വച്ച് കൃത്യമായി ശബ്‍ദം വരുത്തുക എന്നത് പരിശീലന കാലഘട്ടത്തില്‍ ആദ്യം വലിയ വെല്ലുവിളിയായിരുന്നു എന്ന് താണിക്കുടം അക്കരപ്പുറം സ്വദേശിയായ ഹൃദ്യ പറഞ്ഞു. നാലുവര്‍ഷമായി കുറുങ്കുഴല്‍ വാദകയായി പാണ്ടി ശിങ്കാരിമേള രംഗത്ത് സജീവമാണ് ഈ കലാകാരി. തൃശൂര്‍ സെന്‍റ് മേരിസ് കോളജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഹൃദ്യ ഇപ്പോള്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ എംബിഎ പഠിക്കുകയാണ്.