കിഴക്കഞ്ചേരിയിലെ പൂതനക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
കിഴക്കഞ്ചേരി: പൂതനക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. തോട്ടിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ എട്ട് വയസ് പ്രായം വരുന്ന ആൺ വർഗ്ഗത്തിൽപ്പെട്ട രാജവെമ്പാലയാണെന്ന് കണ്ടെത്തി. വാച്ചർ മുഹമ്മദലിയാണ് പാമ്പിനെ സാഹസികമായി പിടികൂടിയത്. ജനവാസ കേന്ദ്രത്തിന് സമീപം രാജവെമ്പാലയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിൽ തുറന്നുവിട്ടു.


