തൃശൂർ ചാവക്കാട് ദേശീയപാത 66-ൽ ഒരു വലിയ മലമ്പാമ്പിനെ കണ്ടെത്തി. ഇതിന് പിന്നാലെ, കളമശ്ശേരിയിൽ പൂച്ചയെ വിഴുങ്ങിയ നിലയിൽ മറ്റൊരു മലമ്പാമ്പിനെയും പിടികൂടി. രണ്ട് സംഭവങ്ങളിലും സ്നേക്ക് റെസ്ക്യൂവറും വനംവകുപ്പും എത്തിയാണ് പാമ്പുകളെ സുരക്ഷിതമായി പിടികൂടിയത്.

തൃശൂര്‍: തൃശൂർ ചാവക്കാട് ദേശീയപാത 66 തിരുവത്ര ഓവർ ബ്രിഡ്ജിന് മുകളിൽ വലിയ മലമ്പാമ്പ്. ഇന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയവരാണ് മലമ്പാമ്പിനെ കണ്ടത്. പാലത്തിന് താഴെ കുറ്റിക്കാടുകളിൽ നിന്ന് ഇഴഞ്ഞു പാലത്തിനു മുകളിലേക്ക് കയറിയതാവാം എന്ന് സംശയിക്കുന്നു. വാഹനങ്ങൾ കയറാതിരിക്കാൻ നാട്ടുകാർ പാമ്പിന് കാവൽ നിന്നു. പിന്നീട് എടക്കയൂരിൽ നിന്ന് സ്നേക്ക് റെസ്ക്യൂവറായ ബീരാൻകുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഒന്നര മാസത്തിനുള്ളിൽ ഇരുപതോളം മലമ്പാമ്പുകളെയും അഞ്ച് അണലിയെയും രണ്ട് മൂർഖൻ പാമ്പുകളെയും റെസ്ക്യൂ ചെയ്ത് വനംവകുപ്പിന് കൈമാറിയതായി വീരാൻകുട്ടി പറഞ്ഞു.

കളമശേരിയിലും മലമ്പാമ്പ്

അതേസമയം, കളമശ്ശേരി മുനിസിപ്പൽ ഓഫീസിന് പിന്നിലുള്ള നജാത്ത് നഗറിൽ കഴിഞ്ഞ ദിവസം പൂച്ചയെ വിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഒരു പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വയറുവീർത്ത നിലയിൽ ചലിക്കാൻ കഴിയാത്ത രീതിയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. തുടർന്ന് ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയി. തൊട്ടുപിന്നാലെ പ്രദേശത്ത് നടത്തിയ തെരച്ചലിൽ മറ്റൊരു മലമ്പാമ്പിനെക്കൂടി നാട്ടുകാർ കണ്ടെത്തി. അടുത്തിടെപെയ്ത കനത്ത മഴയിൽ ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.