അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
കോഴിക്കോട്: ശക്തമായ കാറ്റില്‍ ഭീമന്‍ തേക്ക് കടപുഴകി വീണ് അപകടം. കോഴിക്കോട് മീഞ്ചന്തയിലാണ് ഇന്നലെ വൈകീട്ടോടെ മരം സമീപത്തെ റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
മീഞ്ചന്തയിലെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോംപൗണ്ടിലെ തേക്ക് മരമാണ് വീണത്. ഈ മരത്തിന് തൊട്ടടുത്തായി പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയില്‍ ഈ സമയം ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പാവങ്ങാട് ഇഎംഎസ് സ്‌കൂളിലെ ബസ്സിന് മുകളിലേക്കാണ് മരം പതിച്ചത്.
ബസ്സ് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന പെട്ടിക്കടക്കാരന്റെ സ്‌കൂട്ടറിനും നാശനഷ്ടങ്ങളുണ്ടായി. മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.


