റോഡിലെ തടസം നീക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട്: പൊതുവഴിയിൽ സ്വകാര്യ വ്യക്തി സൃഷ്ടിച്ച തടസം നീക്കാൻ 2016 ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടും നടപ്പാക്കാതിരിക്കാൻ ആർ.ഡി.ഒ ഓഫീസിലെ ഉദ്യോഗസ്ഥൻ ഒത്തുകളിച്ചെന്ന പരാതിയിൽ അന്വേഷിച്ച് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാൻ കാലതാമസം ഉണ്ടായതായി കമ്മീഷൻ വിലയിരുത്തി.
റോഡിലെ തടസം നീക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോഴിക്കോട് സബ് കളക്ടർ / ആർ.ഡി.ഒ ക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. കുതിരവട്ടം പട്ടേരി സ്വദേശി പ്രജിത് രാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ നിർമ്മിക്കുന്ന വീട്ടിലേക്കുള്ള വഴിയിൽ അബ്ദുൽ റഹ്മാൻ എന്നയാളാണ് റോഡിൽ കല്ലുകൾ കൂട്ടിയിട്ട് തടസം സൃഷ്ടിച്ചത്. അഞ്ചു വീട്ടുകാർക്കാണ് യാത്രാ തടസം ഉണ്ടായിരിക്കുന്നത്.
2016 ഒക്ടോബർ 20 ന് തടസ്സം നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. റോഡിലെ തടസം കാരണം വീടുപണി മുടങ്ങി. ആർ.ഡി.ഒ. ഓഫീസിലെ ഒരു ക്ലാർക്കാണ് ഉത്തരവ് നടപ്പിലാക്കാത്തതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോഴിക്കോട് സബ്കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കല്ലുകൾ എടുത്തു മാറ്റി തടസം നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കിയില്ല. പൊലീസ് സഹായത്തോടെ കല്ലുകൾ നീക്കാൻ ജില്ലാ കളകടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തഹസിൽദാർക്ക് നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
