ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മർദ്ദനം തടയാനെത്തിയ വയോധികയെയും യുവതിയുടെ ഭർത്താവ് സുനിൽകുമാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: നാട്ടുകാരുടെ മുന്നിലിട്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ ഭാര്യ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആരോപണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.

മണക്കാട് കാലടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മർദ്ദനം തടയാനെത്തിയ വയോധികയെയും യുവതിയുടെ ഭർത്താവ് സുനിൽകുമാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദനമെന്നാണ് പരാതി. സുനിൽകുമാർ ഈ മാസം പതിനൊന്നിന് വിദേശത്ത് പോകാനിരിക്കുകയാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

അതിനിടെ കോഴിക്കോട് നഗരത്തിലെ ഏക ഫയർസ്റ്റേഷനായ ബീച്ച് അഗ്നിരക്ഷാനിലയം താത്കാലികമായി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെയും മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് വന്നു. കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് മുപ്പതു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ബീച്ച് ഫയർസ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പ്രവർത്തനം നിർത്തി വയ്ക്കുന്നത്. മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടരാനായിരുന്നു തീരുമാനമെങ്കിലും അത് കണ്ടെത്തിയില്ല. പകരം സംവിധാനം ഒരുക്കാൻ കോഴിക്കോട് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ബീച്ച് യൂണിറ്റിലെ ജീവനക്കാരെയും മറ്റും വെള്ളിമാടുകുന്ന്, മീഞ്ചന്ത, കൊയിലാണ്ടി ഫയർസ്റ്റേഷനുകളിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു.

മിഠായിതെരുവ്, ബീച്ച്, വലിയങ്ങാടി, പാളയം അടക്കമുള്ള സ്ഥലങ്ങളിൽ പ്രയോജനപ്പെട്ടിരുന്ന ഫയർസ്റ്റേഷനാണ് നിർത്തലാക്കുന്നത്. പതിനേഴു കോടി മുടക്കി നിർമ്മാണം തുടങ്ങുന്ന പുതിയ കെട്ടിടം പൂർത്തിയാകാൻ മൂന്നു വർഷത്തിലധികം സമയമെടുക്കുമെന്നാണ് കരുതുന്നത്. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Read More :  മലപ്പുറം സ്വദേശിയുടെ 2.5 ലക്ഷം മാറി അയച്ചു, കിട്ടിയ ആൾ തീർത്തു; കൈമലർത്തിയ ബാങ്കിന് ഒടുവിൽ കിട്ടയത് വമ്പൻ പണി