Asianet News MalayalamAsianet News Malayalam

പരീക്ഷക്കിറങ്ങിയ യുവാവ്, ബൈക്കിന്‍റെ താക്കോലൂരി പൊലീസ് ദുർവാശി, പിന്നാലെ നടപടി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും

ഇക്കഴിഞ്ഞ 22 നാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്

Human Rights Commission asks report on case that a man couldn't attend PSC exam because of police
Author
First Published Oct 28, 2022, 7:47 PM IST

കോഴിക്കോട്: പി എസ് സി പരീക്ഷ എഴുതാനിറങ്ങിയ യുവാവിനെ പൊലീസ് അകാരണമായി തടയുകയും പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷറോട് റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇക്കഴിഞ്ഞ 22 നാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയാണെന്നറിയിച്ചിട്ടും സി പി ഒ വഴങ്ങിയില്ല. ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് പരാതിക്കാരനായ അരുണ്‍ ടി ആര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗ്രേഡ് എസ് ഐ, അരുണിനെ ഉടന്‍ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമായി. അരുണിന്‍റെ പരാതിയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെ ഡി സി പി സസ്പെന്‍റ് ചെയ്തു. വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. സംഭവത്തിൽ ഫറോക് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി.

നിയമം പാലിച്ചില്ലെന്ന്; ബൈക്കിന്‍റെ താക്കോലൂരിയ പൊലീസുകാരന്‍ യുവാവിന്‍റെ ജോലി പ്രതീക്ഷകള്‍ക്ക് തടയിട്ടു

അതേസമയം യുവാവിനെ തടഞ്ഞ സിവില്‍ പൊലീസ് ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് പി എസ് സിപരീക്ഷയ്ക്ക് തയ്യാറെടുത്ത യുവാവിന്‍റെ സർക്കാർ ജോലി എന്ന സ്വപ്നം തകർത്തെറിഞ്ഞ പൊലീസുകാരന്‍റെ ദുർവാശിക്കെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് ഡിപ്പാർട്ട്മെന്‍റ് തലത്തിൽ നടപടിയുണ്ടായത്.  ഇത്തരമൊരു ദുരവസ്ഥ ഇനിയൊരു ഉദ്യോഗാർത്ഥിക്കും ഉണ്ടാകരുതെന്നും തനിക്ക് നഷ്ടപ്പെട്ട അവസരം ലഭ്യമാക്കണമെന്നുമാണ് അരുൺ ആവശ്യപ്പെടുന്നത്.

കേരളം വിടുമോ ബൈജൂസ്? ഒരു കൂട്ടം ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലംമാറ്റിയത് എന്തിന്? എല്ലാം വിശദീകരിച്ച് കമ്പനി

Follow Us:
Download App:
  • android
  • ios