പുതിയ ബൈപ്പാസ് റോഡിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതന്നും വിഷയത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പല പ്രധാന ജംഗ്‌ക്ഷനുകളിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ക്യാമറയും സ്പീഡ് ഡിക്ടേറ്ററും സ്ഥാപിക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ വാഹനാപകടങ്ങൾ വർധിക്കുന്നതിന്‍റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. പുതിയ ബൈപ്പാസ് റോഡിലൂടെ അമിതവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതന്നും വിഷയത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. പല പ്രധാന ജംഗ്‌ക്ഷനുകളിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ക്യാമറയും സ്പീഡ് ഡിക്ടേറ്ററും സ്ഥാപിക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്.
കോവളത്തെ ഹോട്ടൽ ജീവനക്കാരനായ ആർ.വി പ്രദീപ് ചന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ തമിഴ്‌നാട് സ്വദേശിയുടെ കാർ അമിതവേഗതയിൽ വന്നിടിച്ച് ദാരുണാന്ത്യം സംഭവിച്ചതും തിരുവല്ലം ഭാഗത്ത് ബുള്ളറ്റ് ഇടിച്ച് രണ്ട് സഹോദരിമാർ മരണപ്പെട്ടതും ഈ മാസം നടന്ന അപകടങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെ ഇതേ സ്ഥലത്ത് വൺവേ തെറ്റിച്ചുവന്ന കാർ കാരണം തുടർച്ചയായി 5 കാറുകൾ തമ്മിലിടിച്ചിരുന്നു. കഴിഞ്ഞ മാസം തിരുവല്ലം ടോൾ പ്ലാസയോട് ചേർന്നുള്ള ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞ മാസം തന്നെ എറണാകുളം, തൊടുപുഴ സ്വദേശികളായ നവീൻ, ഉമ്മൻ വർഗീസ് എന്നീ യുവാക്കൾക്കും മറ്റൊരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
വെളിച്ചക്കുറവും അശാസ്ത്രീയമായ സർവീസ് റോഡും, അമിതവേഗതയും മത്സരയോട്ടവും അപകടം വിളിച്ചുവരുത്തുന്നു. സിഗ്നലുകളില്ലാത്ത നേരായ നാലുവരിപ്പാതയായതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ പരിധിവിട്ട വേഗതയിലാണ് ചീറിപ്പായുന്നതെന്നും നാടാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ വേഗത നിയന്ത്രിക്കാനോ നിയമലംഘനങ്ങൾ തടയാനോ ഉള്ള സ്ഥിരം പൊലീസ് പരിശോധനകൾ ഈ പാതയിൽ കുറവാണെന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.


