ഓമശ്ശേരിയിലെ സ്വകാര്യ ഡെന്റല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് മുഹമ്മദിനെതിരേ പരാതി നല്‍കിയത്. ചികിത്സക്കായെത്തിയ മുഹമ്മദ് തന്റെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.

കോഴിക്കോട്: ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ വയോധികനെ ജയിലിടച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ഓമശ്ശേരി സ്വദേശി മേലാമ്പ്ര വീട്ടില്‍ മുഹമ്മദി(64)നെതിരായ കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഡിവൈ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണണെന്നാണ് കമ്മീഷന്റെ നിര്‍ദേശം. 2024 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമശ്ശേരിയിലെ സ്വകാര്യ ഡെന്റല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് മുഹമ്മദിനെതിരേ പരാതി നല്‍കിയത്. ചികിത്സക്കായെത്തിയ മുഹമ്മദ് തന്റെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.

അന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടറായിരുന്ന പ്രജീഷിന്റെ നേതൃത്വത്തിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഹൃദ്രോഗവും വൃക്കസംബന്ധമായ രോഗവുമുള്ള തന്റെ പിതാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഹമ്മദിന്റെ മകന്‍ ജംഷീര്‍ പറഞ്ഞു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോഴിക്കോട് സബ്ജയിലില്‍ നാല് ദിവസം കഴിഞ്ഞതിന് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു.

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പ്രജീഷ് അറസ്റ്റ് ചെയ്യുമ്പോള്‍ ചെയ്യേണ്ട നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും തന്റെ വാദം കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും മുഹമ്മദ് ആരോപിക്കുന്നത്. എഴുത്തും വായനയും അറിയാത്ത തന്നെക്കൊണ്ട് വിവിധ പേപ്പറുകളില്‍ ഒപ്പിടീച്ചു വാങ്ങിച്ചു. 50,000 രൂപ നല്‍കിയാല്‍ കേസില്ലാതെ പോകാം എന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് പണം നല്‍കില്ലെന്നും ജയില്‍ കിടന്നാലും കുഴപ്പമില്ലെന്ന് പറയുകയായിരുന്നുവെന്നും മുഹമ്മദ് ആരോപിച്ചു. തന്റെ പിതാവിനോട് സംസാരിച്ചപ്പോള്‍ പരാതിയിലുള്ള പോലെ ഒന്നും നടന്നിട്ടില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതെന്ന് ജംഷീര്‍ സൂചിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം